കണ്ണൂർ: ന്യൂ മാഹി ഇരട്ടക്കൊലക്കേസിൽ 14 പ്രതികളെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. ആർ.എസ്.എസ്
പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ആർഎംപി സ്ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി, മുഹമ്മദ് ഷാഫി ഉൾപ്പെടെയുളളവരെ വെറുതെ വിട്ടത്. രണ്ടു പ്രതികൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇവരെ വെറുതെ വിട്ടത്.
പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ പ്രേമരാജനാണ് ഹാജരായത്. പ്രതികൾക്കായി അഭിഭാഷകരായ സികെ ശ്രീധരനും വിശ്വനും ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ ഷൗക്കത്താണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
വിജിത്തിനെയും ഷിനോജിനെയും മാഹിയിൽ തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജിത്തിന്റെ അമ്മ രാജമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. കേസിന്റെ വിചാരണയ്ക്ക് ജയിലിൽ നിന്നെത്തിയ കൊടി സുനി ഹോട്ടലിലെ പാർക്കിംഗ് സ്ഥലത്ത് സഹതടവുകാരോടൊപ്പം മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു.

