ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപാളി ഇളക്കിയത് ദേവസ്വം തന്ത്രിയുടെ നിർദേശപ്രകാരമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമല്ലെന്നും ബോർഡ് തെറ്റ് ചെയ്തെന്ന മട്ടിലുള്ള പ്രചാരണം തെറ്റാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ചെന്നൈയിലേക്ക് സ്വർണപാളി കൊണ്ടുപോയത് നടപടിക്രമം പാലിച്ചാണ്. ആചാരങ്ങൾ പാലിക്കാനാണ് ബോർഡ് ശ്രമിച്ചത്. സാങ്കേതിക പ്രശ്നത്തിന്റെ പേരിൽ പഴി കേൾക്കുകയാണ്. ഇളക്കിക്കൊണ്ടുപോയ സ്വർണപാളി ഉടൻ തിരികെ കൊണ്ടുവരാൻ കഴിയില്ല. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. ഇലക്ട്രോ പ്ലേറ്റിംഗ് തുടങ്ങിക്കഴിഞ്ഞു. ആ സാഹചര്യത്തിൽ ഇത് തിരികെ കൊണ്ടുവരാനാകില്ല. ഇത് കോടതിയെ ബോദ്ധ്യപ്പെടുത്തും. ഞങ്ങൾ ഒരു അപരാധവും ചെയ്തിട്ടില്ല. കോടതിയുടെ അനുമതി തേടാതിരുന്നത് സാങ്കേതിക വിഷയം മാത്രമാണ്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ല. അയ്യപ്പ സംഗമത്തിന് പണം പിരിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. എല്ലാ കണക്കുകളും കോടതിയെ ബോധിപ്പിക്കും. വിർച്വൽ ക്യൂവിന് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.

