തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളകേസിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്തുസംഘവുമായി ബന്ധമെന്ന് ഗൾഫ് വ്യവസായിയുടെ മൊഴി. സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തിയാണ് വിദേശ വ്യവസായി വിശദമായ മൊഴി നല്‍കിയത്. 500 കോടിയില്‍പരം രൂപയുടെ ഇടപാടാണ് സ്വര്‍ണപ്പാളി കടത്തില്‍ നടന്നതെന്നാണ് വ്യവസായി മൊഴി നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.
ശബരിമലയിലെ സ്വര്‍ണക്കടത്തില്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എസ്ഐടിക്ക് രേഖാമൂലം കത്ത് നല്‍കുകയും നേരിട്ട് മൊഴി നല്‍കുകയും ചെയ്തിരുന്നു.
തന്നോട് വിദേശത്തുള്ള ഒരു വ്യവസായിയാണ് ഈ കാര്യം പറഞ്ഞതെന്നും 500 കോടി രൂപയുടെ ഇടപാട് നടന്നുവെന്നുമാണ് ചെന്നിത്തല എസ്ഐടിക്ക് മുന്‍പാകെ മൊഴി നല്‍കിയത്. ഇതേ തുടര്‍ന്നാണ് എസ്ഐടി വിദേശ വ്യവസായിയില്‍ നിന്നു മൊഴി രേഖപ്പെടുത്തിയത്. ചെന്നിത്തല പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കുന്ന മൊഴിയാണ് വ്യവസായിയും നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.
ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നയാളാണ് വ്യവസായി. ഇദ്ദേഹം അതീവ രഹസ്യമായാണ് തിരുവനന്തപുരത്തെ എസ്ഐടിയുടെ ക്യാമ്പ് ഓഫീസിലെത്തി മൊഴി നല്‍കിയത്.

