പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്ത പ്രതിനിധികളിൽ പാതിയും എത്തിയില്ല. ഓൺലൈൻ വഴി 4245 പേർ റജിസ്റ്റർ ചെയ്ത പരിപാടിയിൽ ആയിരമാളുകൾ പോലും എത്തിയില്ല. എന്നാൽ രണ്ടായിരത്തോളം പേർ പങ്കെടുത്തുവെന്നാണ് ദേവസ്വം ബോർഡ് അവകാശപ്പെടുന്നത്. ഓൺലൈൻ വഴി ആദ്യം റജിസ്റ്റർ ചെയ്യുന്ന 3000 പേരെ ക്ഷണിക്കും എന്നായിരുന്നു ദേവസ്വം ബോർഡ് വ്യക്തമാക്കിയത്. ഇതിൽ ആയിരത്തിനു താഴെ പേർ മാത്രമാണ് ഓൺലൈൻ ആയി റജിസ്റ്റർ ചെയ്ത ശേഷം സംഗമത്തിന് എത്തിയത്. ദേവസ്വം ബോർഡ് അഞ്ഞൂറു പേരെ ക്ഷണിച്ചിരുന്നു. ഇവരെ കൂടി കൂട്ടിയാൽ ആയിരത്തി അഞ്ഞൂറിനു താഴെയാണ് പങ്കെടുത്തവരുടെ എണ്ണം. ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രി വേദി വിട്ടതോടെ കസേരകളിൽ ആളില്ലാതായി. തുടർന്നു നടന്ന സെമിനാറുകളിലെല്ലാം ആളില്ലാ കസേരകളായിരുന്നു.
ആഗോള അയ്യപ്പ സംഗമം കൊണ്ട് ലക്ഷ്യം വച്ചത് അർത്ഥപൂർണമായെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ സമാപന സമ്മേളനത്തിൽ പറഞ്ഞു.

