ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ എംപിയുമായിരുന്ന സജ്ജൻ കുമാർ (80) നിര്യാതനായി. സിഖ് വിരുദ്ധ കലാപക്കേസിൽ തീഹാർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയായിരുന്നു അന്ത്യം.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് 1984ൽ പാലം കോളനി പ്രദേശത്തുണ്ടായ കലാപത്തിനിടയിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ അദ്ദേഹം പ്രതിയാണെന്ന് കണ്ടെത്തുകയായിരുന്നു. 2018 ഡിസംബർ 17നാണ് ഡൽഹി ഹൈക്കോടതി സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അദ്ദേഹം സമർപ്പിച്ച അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടയിൽ ഡൽഹിയിലെ ജനക്പുരി, വികാസ്പുരി എന്നീ പ്രദേശങ്ങളിൽ അക്രമത്തിന് പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ ജനുവരിയിൽ ഡൽഹി കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു.
1977ൽ ഡൽഹി കൗൺസിലറായാണ് സജ്ജൻ കുമാർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. തുടർന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (പിസിസി) ജനറൽ സെക്രട്ടറിയായി. സഞ്ജയ് ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്നു അദ്ദേഹം. 1980ൽ അദ്ദേഹം കോൺഗ്രസ് ടിക്കറ്റിൽ ഔട്ടർ ഡൽഹി മണ്ഡലത്തിൽ നിന്നാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1991ൽ അദ്ദേഹം വീണ്ടും അതേ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
