തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലായ മുൻ ദേവസ്വം ബോർഡ് അംഗവും സിപിഐ നേതാവുമായ കെ.പി.ശങ്കരദാസിനെ (85) മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു ചികിത്സ മാറ്റാൻ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിത് നിർദ്ദേശിച്ചിരുന്നു. ബുധനാഴ്ച രാത്രി ഏഴു മണിയോടെ ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എങ്കിലും ഇന്നലെ ജഡ്ജി ആശുപത്രിയിലെത്തിയാണ് റിമാൻഡ് ചെയ്തത്. നിലവിൽ ലഭിക്കുന്ന ചികിത്സ മെഡിക്കൽ കോളജിൽ ലഭ്യമാക്കാനാണ് നിർദേശം. ഡോക്ടർമാരുമായി ആശയവിനിമയം നടത്തിയ ജഡ്ജി ചികിത്സയുടെ വിവരങ്ങൾ റിപ്പോർട്ടായി വാങ്ങി. ഇതേ ചികിത്സ മെഡിക്കൽ കോളജിൽ നൽകുന്നതിന് മെഡിക്കൽ കോളജ് അധികൃതരിൽ നിന്നു റിപ്പോർട്ട് വാങ്ങി. ഇതിനു ശേഷം ജയിൽ ഡോക്ടറുടെ പരിശോധനാ റിപ്പോർട്ടും ലഭിച്ചശേഷമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
ഇപ്പോൾ കിട്ടുന്ന ചികിത്സ തന്നെ ലഭിക്കണമെന്നും മനസിക സമ്മർദം ഉണ്ടായി വീണ്ടും പക്ഷാഘാതത്തിന് സാധ്യതയുണ്ടെന്നുള്ള ആശങ്ക ബന്ധുക്കൾ ജഡ്ജിയെ അറിയിച്ചിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചത് സ്കാനിങ്ങിൽ കണ്ടെത്തിയെന്നും കടുത്ത പക്ഷാഘാതം ഉണ്ടായെന്നുമാണ് സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട്. മെഡിക്കൽ കോളജിലേക്ക് ചികിത്സ മാറ്റുന്നതോടെ ഇനി അവിടെ നിന്നുള്ള റിപ്പോർട്ടും പരിഗണിക്കും.

