തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി മരിച്ചു. കരിക്കകം സ്വദേശി ശിവപ്രിയയാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ശിവപ്രിയക്കേറ്റ അണുബാധയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു.
കഴിഞ്ഞ മാസം 22-നാണ് ശിവപ്രിയയെ എസ്എടിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. പിന്നീട് പനിയെത്തുടർന്ന് 26ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യവതിയായിരുന്നു ശിവപ്രിയയെന്നും നടന്നാണ്പ്രസവത്തിനായി പോയതെന്നും ഭർത്താവ് മനു പറയുന്നു. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പോയപ്പോൾ ചെറിയ പനി ഉണ്ടായിരുന്നു. കൃത്യമായി ആശുപത്രിയിൽനിന്ന് നോക്കാതെ വിട്ടതാണ്. പിറ്റേദിവസം പനി കൂടിയതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ വന്നു. ആശുപത്രിയിൽനിന്ന് കാര്യമായ ചികിൽസ നലകാതെ പറഞ്ഞുവിട്ടു. പിന്നെ ഓരോ ദിവസവും വയ്യാതായി. പിന്നെ വെന്റിലേറ്ററിലായെന്നും ശേഷം കണ്ണ് തുറന്നിട്ടില്ലെന്നും ഭർത്താവ് പറഞ്ഞു.. അണുബാധയേറ്റിരിക്കുന്ന ബാക്ടീരിയ ആശുപത്രി മുഖേന മാത്രം ഉണ്ടാകുന്നതാണ്. അതിന്റെ റിപ്പോർട്ടടക്കം എന്റെ കൈയിൽ ഉണ്ടെന്നും മനു പറഞ്ഞു.

