ന്യൂഡൽഹി: ഇന്ത്യൻ ബാങ്കുകളിലെ 67,000 കോടി രൂപയുടെ നിക്ഷേപങ്ങൾക്ക് അവകാശികളില്ല. 2025 ജൂൺ 30 വരെയുള്ള കണക്കുകൾ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ആണ് പാർലമെന്റിൽ വ്യക്തമാക്കിയത്. ലോക്സഭ എം.പിയായ എം.കെ വിഷ്ണു പ്രസാദിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് വിവരം വെളിപ്പെടുത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യിലാണ് ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ കൈവശം വെച്ചിരിക്കുന്നത്.
19,239 കോടി രൂപയാണ് എസ്.ബി.ഐയുടെ മാത്രം കൈവശമുള്ളത്. പഞ്ചാബ് നാഷനൽ ബാങ്ക് 6,910.67 കോടി രൂപ, കാനറ ബാങ്ക് 6,278.14 കോടി, ബാങ്ക് ഓഫ് ബറോഡ 5,277.36 കോടി, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ 5,104.50 കോടി എന്നിവയാണ് അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കൂടുതലുള്ള മറ്റ് പൊതുമേഖല ബാങ്കുകൾ.

