കൊല്ലം: ഷാർജയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിൽ നിന്നും നേരിട്ടത് കൊടു ക്രൂരത. കൊല്ലം സ്വദേശി അതുല്യയാണ് മരിച്ചത്. ഭർത്താവ് മദ്യത്തിനടിമയായിരുന്നുവെന്നും മദ്യപിച്ചുകഴിഞ്ഞാൽ അസാധാരണമായിട്ടാണ് പെരുമാറിയിരുന്നതെന്നും വ്യക്തമാക്കുന്ന ശബ്ദരേഖ അതുല്യ സുഹൃത്തിന് അയച്ചിരുന്നു. ബന്്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുമ്പോൾ ഇനിയാവർത്തിക്കില്ലെന്ന് പറയുന്ന സതീഷ് പിന്നീട് വൈകാരികമായി സംസാരിച്ച് അതുല്യയെ സമാധാനിപ്പിക്കുകയായിരുന്നു പതിവ്.
‘അയാൾ കള്ളുകുടി നിർത്താൻ പോകുന്നില്ല. നിർത്തുവായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. കുഞ്ഞിന്റെ അടുത്ത് കുറച്ച് സമയം ചെലവഴിക്കുകയോ കളിപ്പിക്കുകയോ ഒന്നും ചെയ്യില്ല. അയാൾക്ക് അതൊന്നും അറിയില്ല. കുഞ്ഞുങ്ങളെ കൊഞ്ചിക്കാനോ ലാളിക്കാനോ അവരുടെ മനസിൽ കയറിപ്പറ്റാനോ അറിയില്ല. കുഞ്ഞിന്റെ മുന്നിൽ ഇരുന്നാ അയാള് കള്ള് കുടിക്കുന്നത്. അവൾക്ക് ഇഷ്ടമല്ലാത്തതും അതുകൊണ്ടാ’ സുഹൃത്തിനയച്ച ശബ്ദസന്ദേശത്തിൽ അതുല്യ പറയുന്നു.
‘എല്ലാവരും നിർബന്ധിച്ചിട്ടാ അയാളുടെ കൂടെ നിൽക്കുന്നത്, മാറ്റം വരുമായിരിക്കും. ‘എനിക്ക് അവസാനമായിട്ട് ഒരു അവസരം കൂടി തരണം. എനിക്കിപ്പോ ആരുമില്ല, ഒറ്റപ്പെട്ടു നിൽക്കുകയാണ്. ഞാൻ ഇവിടെ കിടന്ന് ചാകത്തെയുള്ളൂ. അങ്ങനെ ഇങ്ങനെ ഒക്കെ പറഞ്ഞു. ഞാൻ എതിർത്തായിരുന്നു സംസാരിച്ചത്. എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കണ്ട, താല്പര്യം ഇല്ല എന്നുതന്നെയാണ് പറഞ്ഞത്. അച്ഛനും അപ്പച്ചിയും കൊച്ചച്ചനും അവരെല്ലാവരും വിളിച്ചിട്ട് പറഞ്ഞു, ഇനി അവൻ ഇവിടെ കിടന്ന് ചത്തു കഴിഞ്ഞാൽ അത് നിന്റെ തലയും കൊണ്ട് പോകും. സതീശിന്റെ സുഹൃത്ത് ഹരി വിളിച്ചിട്ട് അയാൾ ഇനി തെറ്റൊന്നും ചെയ്യത്തില്ല, ഒരു അവസരം കൂടി കൊടുത്തുകൂടെയെന്ന് ചോദിച്ചു. എല്ലാവരുടെ അടുത്തും ഇയാൾ വിളിച്ച് കാല് പിടിച്ച് സംസാരിച്ചു. അപ്പച്ചിയും കൊച്ചച്ചനും എല്ലാരും നീ ഒന്ന് ശ്രമിച്ചു നോക്ക് മാറ്റമില്ലെങ്കിൽ നമുക്ക് വേണ്ട എന്നു പറഞ്ഞു. അമ്മ മാത്രമേ ഉള്ളായിരുന്നു എതിര്.’ എന്നിങ്ങനെയാണ് ശബ്ദ സന്ദേശം.

