കോഴിക്കോട്: ഫോറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു (68) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജനായിരുന്നു ഡോ. ഷേർളി വാസു. ട്രെയിനിൽ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പരിശോധിച്ചത് ഷേർളി വാസുവായിരുന്നു. പ്രതിയായ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിന് പിന്നാലെ പ്രതികരണവുമായി ഷേർളി വാസു രംഗത്ത് വന്നിരുന്നു.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്ക് തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻമാരിൽ ഒരാളാണ് ഡോ. ഷെർളി വാസു. 2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫൊറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ. ഷെർളി വാസു തൊടുപുഴ സ്വദേശിയാണ്. കോട്ടയം മെഡിക്കൽ കോളജിൽ 79ലാണ് എംബിബിഎസ് പൂർത്തിയാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം. ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ 1981ൽ ഔദ്യോഗിക സേവനമാരംഭിച്ച ഡോ. ഷെർളി വാസു രണ്ടു വർഷം തൃശൂരിലും വകുപ്പു മേധാവിയായിരുന്നിട്ടുണ്ട്. ലോക ആരോഗ്യ സംഘടനയുടെ ഫെലോഷിപ്പോടുകൂടി ഉപരി പഠനത്തിനും 1995ൽ ഡോ. ഷെർളിക്ക് അവസരം ലഭിച്ചു. തന്റെ അനുഭവങ്ങൾ കോർത്തിണക്കി ‘പോസ്റ്റ്മോർട്ടം ടേബിൾ’ എന്ന പുസ്തകവും ഡോ. ഷെർളി രചിച്ചിട്ടുണ്ട്.
ഫോറൻസിക് മേഖലയിൽ 35 വർഷത്തെ പരിചയമുള്ളയാളാണ് ഷേർളി. കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളേജുകളിൽ പ്രവർത്തിക്കുന്ന സമയത്ത് ആയിരക്കണക്കിന് കേസുകളാണ് ഷേർളി കൈകാര്യം ചെയ്തത്. നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഷേർളി നിരവധി ദേശീയ-അന്തർദേശീയ മാസികകളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. കെ. ബാലകൃഷ്ണനാണ് ഭര്‍ത്താവ്. മക്കള്‍ നന്ദന, നിതിന്‍

