സൈബർ ആക്രമണം: സിപിഎം നേതാവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്, കോൺഗ്രസ് പ്രവർത്തകനെന്ന് ഷൈൻ

  • Home-FINAL
  • Kerala
  • സൈബർ ആക്രമണം: സിപിഎം നേതാവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്, കോൺഗ്രസ് പ്രവർത്തകനെന്ന് ഷൈൻ

സൈബർ ആക്രമണം: സിപിഎം നേതാവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്, കോൺഗ്രസ് പ്രവർത്തകനെന്ന് ഷൈൻ


കൊച്ചി: സൈബർ ആക്രമണവും അപവാദപ്രചാരണവും എന്ന സിപിഎം നേതാവ് കെ.ജെ. ഷൈൻ നൽകിയ പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നതിനു പുറമെ ഐടി ആക്ടിലെ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തത്. ഒരു ദിനപത്രം, 5 കോൺഗ്രസ് അനുകൂല വെബ്‌പോർട്ടലുകൾ, ഒട്ടേറെ യുട്യൂബ് ചാനലുകൾ, വ്യക്തിഗത സമൂഹമാധ്യമ അക്കൗണ്ടുകൾ തുടങ്ങിയവയ്ക്ക് എതിരെയാണ് കേസ്.

തനിക്കെതിരെ വ്യാപകമായ രീതിയിൽ സൈബർ ആക്രമണവും അപവാദപ്രചരണവും നടക്കുന്നുവെന്നു കാട്ടി ഇന്നലെ ഷൈൻ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, വനിതാ കമ്മിഷൻ തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് പറവൂരിലുള്ള ഷൈനിന്റെ വീട്ടിലെത്തിയ എറണാകുളം റൂറൽ സൈബർ പൊലീസ് ഷൈനിൽ നിന്ന് വിശദമായ മൊഴിയെടുത്ത ശേഷമാണ് കേസ് റജിസ്റ്റർ ചെയ്തത്. തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്ന സമൂഹമാധ്യമങ്ങളുടെ ലിങ്കുകൾ, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ തുടങ്ങിയവ അടക്കം ഷൈൻ അന്വഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. പറവൂർ സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനാണ് തനിക്കെതിരെ ഇത്തരം പ്രചാരണം തുടങ്ങിയതാണെന്നാണ് ഷൈനും കുടുംബവും വ്യക്തമാക്കിയത്.

എന്നാൽ താൻ ഷൈനിനെ ആക്ഷേപിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ ഇട്ടിട്ടില്ല എന്നാണ് ഗോപാലകൃഷ്ണന്റെ നിലപാട്. യുട്യൂബിൽ ഒരു വ്യക്തി ഇട്ട ലിങ്കാണ് താൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. മുമ്പൊരിക്കൽ ഇത്തരൊരു വിവരമറിഞ്ഞപ്പോൾ പോസ്റ്റ് ഇട്ടെങ്കിലും അത് ഉടൻ തന്നെ ഡിലീറ്റ് ചെയ്‌തെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

തങ്ങൾക്കെതിരെ പറവൂർ എംഎൽഎ വി.ഡി.സതീശൻ അറിയാതെ ഇത്തരം കാര്യങ്ങളൊന്നും സംഭവിക്കില്ലെന്ന് ഷൈനും ഭർത്താവ് ഡൈന്യൂസ് തോമസും നേരത്തേ പ്രതികരിച്ചിരുന്നു. തങ്ങളെ വ്യക്തിഹത്യ നടത്താനാണ് ശ്രമമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇവർ ആരോപിച്ചിരുന്നു.

Leave A Comment