കണ്ണൂർ∙ പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫിസർ ആത്മഹത്യ ചെയ്തത് എസ്ഐആർ പ്രവൃത്തികളുമായി ബന്ധപ്പെട്ട ജോലി സമ്മർദം കാരണമാണെന്ന് മരിച്ച അനീഷ് ജോർജിന്റെ പിതാവ്. എസ്ഐആറിന്റെ കാര്യത്തിൽ മകൻ കുറേ ദിവസമായി സമ്മർദത്തിലായിരുന്നെന്നും ആ ടെൻഷൻ ഇത്രത്തോളം എത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും പിതാവ് പറഞ്ഞു. മകന്റെ മരണത്തിൽ വ്യക്തികൾക്കോ സമൂഹത്തിനോ ഒരു ബാധ്യതയുമില്ലെന്നും അനീഷിന്റെ സ്വഭാവ ശീലത്താൽ വന്നുപോയ ടെൻഷൻ കൊണ്ടാണ് ഇങ്ങനെയൊരു കടുംകൈ ചെയ്തതെന്നും പിതാവ് പറഞ്ഞു. കുന്നരു യുപി സ്‌കൂളിലെ പ്യൂണാണ് അനീഷ് ജോർജ്. ഇന്നു രാവിലെയാണ് അനീഷിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, അനീഷിന്റെ ആത്മഹത്യയ്ക്കു പിന്നാലെ ബിഎൽഒമാരുടെ ജോലി സമ്മർദത്തെക്കുറിച്ച് വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. എസ്ഐആർ ഫോം വിതരണം പൂർത്തിയാക്കാൻ അനീഷിന് കഴിഞ്ഞില്ലെന്ന് സുഹൃത്ത് ഷൈജു മാധ്യമങ്ങളോടു പറഞ്ഞു. മുപ്പതോളം ഫോം ബാക്കിയുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള ടെൻഷൻ ഇന്നലെയും പങ്കുവച്ചിരുന്നെന്നും ഷൈജു കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാദേശിക പ്രതിനിധിയാണ് ബിഎൽഒ. 1950ലെ ജനപ്രാതിനിധ്യ നിയമ സെക്ഷൻ 13ബി (2) പ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റജിസ്ട്രേഷൻ ഓഫിസറാണ് ബിഎൽഒമാരെ നിയമിക്കുന്നത്. അധ്യാപകർ, അങ്കണവാടി പ്രവർത്തകർ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ലെവൽ വർക്കർമാർ, വൈദ്യുതി ബിൽ റീഡർ, പോസ്റ്റ്മാൻ, ആരോഗ്യപ്രവർത്തകർ തുടങ്ങി സർക്കാർ/അർധ സർക്കാർ പ്രവർത്തകരെയാണ് ബിഎൽഒ ആയി നിയമിക്കുന്നത്. വോട്ടർ പട്ടിക പുതുക്കൽ, വോട്ടർമാരെ ചേർക്കൽ, തിരുത്തു വരുത്തൽ, വോട്ടർമാരെ ഒഴിവാക്കൽ എന്നിവ ബിഎൽഒയുടെ ചുമതലയാണ്. വീടുകളിൽ നേരിട്ടെത്തി പരിശോധിച്ചു വേണം വോട്ടർ പട്ടികയിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പു വരുത്താൻ. തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർ സ്ലിപ്പ് വിതരണം ചെയ്യുക, വോട്ടർമാരെ സഹായിക്കുക, തിരഞ്ഞെടുപ്പ് ദിവസം ബൂത്തിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക എന്നിവയും ബിഎൽഒയുടെ ചുമതലയാണ്.

