തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് അംഗം എസ്.ശ്രീജ (48) ആത്മഹത്യ ചെയ്ത നസംഭവത്തിൽ സിപിഎമ്മിനെതിരെ കടുത്ത ആരോപണവുമായി കുടുംബം. പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ ശ്രീജയ്‌ക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതിൽ മനംനൊന്താണ് ഷീജ ആത്മഹത്യ ചെയ്തതെന്ന് ഭർത്താവ് ജയൻ ആരോപിച്ചു. കോൺഗ്രസ് അംഗമായ ശ്രീജ വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നു. ഇതിനിടെയുണ്ടായ ആക്ഷേപങ്ങളും മരണത്തിലേക്ക് നയിച്ചെന്നാണ് സൂചന. ഇന്നലെ ആര്യനാട് നടന്ന സിപിഎം പ്രതിഷേധ പരിപാടിയിൽ ശ്രീജയ്‌ക്കെതിരെ പരാമർശമുണ്ടായെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു.
‘ ഇന്നലെ രാത്രി മുഴുവൻ കരച്ചിലായിരുന്നു. റോഡിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നു പറഞ്ഞു. കുഴപ്പമില്ല, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. സിപിഎമ്മുകാർക്ക് ആർക്കും പണം കൊടുക്കാനില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തുനിന്നാണ് ശ്രീജ പണം കടം വാങ്ങിയത്. എന്നിട്ടും മോശമായ രീതിയിലാണ് അവർ സംസാരിച്ചത്. നാടു മുഴുവൻ പോസ്റ്റർ ഒട്ടിച്ചു. ഇന്നലെ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ഇതിലെല്ലാം ശ്രീജയ്ക്ക് വലിയ മനോവിഷമം ഉണ്ടായിരുന്നതായി ഭർത്താവ് ജയൻ പറഞ്ഞു.
ശ്രീജയുടേത് ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നുമാണ് കോൺഗ്രസ് പറയുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രത്തിൽനിന്നാണ് ശ്രീജ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചതിനെ തുടർന്ന് ശ്രീജയെ വ്യക്തിപരമായി കുറേ നാളുകളായി സി.പി.എം അധിക്ഷേപിച്ചു വരികയായിരുന്നു എന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറയുന്നത്. നാടുനീളെ ശ്രീജയ്‌ക്കെതിരെ പോസ്റ്ററും പതിപ്പിച്ചു. കുറുവാസംഘമെന്നും ശ്രീജയെ ആക്ഷേപിച്ചിരുന്നു. സിപിഎം കഴിഞ്ഞ ദിവസം ശ്രീജയ്‌ക്കെതിരെ പൊതുയോഗവും നടത്തി.

