ശ്രീജയുടെ നേട്ടത്തിന് കണ്ണീർത്തിളക്കം; അച്‌ഛനും അമ്മയ്‌ക്കും സമ്മാനം

  • Home-FINAL
  • Kerala
  • ശ്രീജയുടെ നേട്ടത്തിന് കണ്ണീർത്തിളക്കം; അച്‌ഛനും അമ്മയ്‌ക്കും സമ്മാനം

ശ്രീജയുടെ നേട്ടത്തിന് കണ്ണീർത്തിളക്കം; അച്‌ഛനും അമ്മയ്‌ക്കും സമ്മാനം


തിരുവനന്തപുരം: കുടുംബം പുലർത്താൻ ചോരനീരാക്കി കൂലിപ്പണി ചെയ്ത് അച്ഛനും അമ്മയ്‌ക്കും ശ്രീജ നൽകിയത്‌ പൊൻതിളക്കം. നിശ്ചയദാർഢ്യംകൊണ്ട് നേരിട്ട് സിവിൽ സർവീസ് പരീക്ഷയിൽ ആദ്യശ്രമത്തിൽതന്നെ മകൾ എസ്.ശ്രീജ 57-ാം റാങ്ക് നേടിയത്‌. എന്തുത്യാഗം ചെയ്തും മകളെ പഠിപ്പിക്കാനൊരുങ്ങിയ മാതാപിതാക്കൾക്ക് മകൾ നൽകിയ വിലമതിക്കാനാവാത്ത സമ്മാനം. പണിതീരാത്ത വീട്ടിൽ ‘വിഷൻ ബോർഡിൽ’ കുറിച്ചിട്ട ലക്ഷ്യത്തിലെത്താൻ ശ്രീജയ്ക്ക് ഇല്ലായ്മകൾ തടസമായില്ല. കുട്ടിക്കാലം മുതലേ ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്) സ്വപ്നം കണ്ടിരുന്നു. ശ്രീജയുടെ തിരുവനന്തപുരം നരുവാമൂട് രോഹിണിഭവൻ വീട്ടിലേക്ക് ആശംസാപ്രവാഹമാണിപ്പോൾ.

മകളുടെ പഠനം മുടങ്ങാതിരിക്കാൻ നിർമ്മാണത്തൊഴിലാളിയായ ജയകുമാർ എന്തുജോലിയും ചെയ്തിരുന്നു. കീലോമീറ്ററുകൾ അകലെയുള്ള ആറ്റിങ്ങൽവരെ സൈക്കിളിൽ കൂലിപ്പണിക്ക് പോയിട്ടുണ്ട്. മകളുടെ പഠനത്തിനായി ഉണ്ടായിരുന്ന സ്വർണമൊക്കെ ഷീജകുമാരി പണയംവച്ചു. കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്തു. പലിശയ്ക്കും കടമെടുത്തു. ഈ മാസം രണ്ടിനായിരുന്നു ശ്രീജയുടെ പിറന്നാൾ. ജന്മദിന സമ്മാനംകൂടിയായി റാങ്ക് നേട്ടം. ചരിത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള അമ്മ ഷീജയായിരുന്നു സ്കൂൾകാലത്തെ ഗുരു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശ്രീജ പി.ജിക്കു പഠിക്കുമ്പോൾതന്നെ യു.ജി.സി നെറ്റ് നേടിയിരുന്നു. 2024 മേയ് മുതൽ സിവിൽ സർവീസ് ലക്ഷ്യമിട്ട് പഠനം തുടങ്ങിയിരുന്നു. സഹോദരൻ ജ്യോതിഷ് ചെന്നൈ ലയോള കോളേജിൽ ഒന്നാംവർഷ ബി.എസ്‌സി വിദ്യാർത്ഥി.

Leave A Comment