കൊച്ചി: സാധാരണക്കാരുടെ ജീവിതങ്ങൾ അതേ പടി പകർത്തി അസാധാരണ കഥകൾ പറഞ്ഞ
ജീവിതങ്ങളെ അഅസാധാരണ മിഴിവോടെ അവതരിപ്പിച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസൻ (69) ഓർമയായി. രോഗബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന ശ്രീനിവാസനെ ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത. 956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു. മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളജിൽ നിന്ന് ബിരുദവും മദ്രാസ് ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് ചലച്ചിത്ര അഭിനയത്തിൽ പരിശീലനവും നേടിയ അദ്ദേഹം 1976 ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സൂപ്പർ താരം രജനികാന്ത് സഹപാഠിയായിരുന്നു.കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു അദ്ദേഹം.
മോഹൻലാലിനൊപ്പം പ്രധാനവേഷത്തിലെത്തിയ എല്ലാ സിനിമകളിലെല്ലാം മലയാളികൾ ഹൃദയപൂർവം സ്വീകരിച്ചു. ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു ഇരുവരുടേയും. നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, വരവേൽപ്പ്, മിഥുനം തുടങ്ങി ഉദയനാണ് താരം വരെ ഒരുപടി സിനിമകളിൽ ഇരുവരും ഒന്നിച്ചു. സംവിധായകന്മാരായ സത്യൻ അന്തിക്കാടിനും പ്രിയദർശനുമൊപ്പമുള്ള കൂട്ടുകെട്ടുകളും കൊണ്ടാടപ്പെട്ടു. പ്രിയദർശൻ സംവിധാനംചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ ആണ് തിരക്കഥാകൃത്തെന്ന നിലയിൽ ആദ്യചിത്രം. അരം + അരം കിന്നരം, ബോയിങ് ബോയിങ്, മുത്താരംകുന്ന് പി.ഒ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ടി.പി. ബാലഗോപാലൻ എം.എ, നാടോടിക്കാറ്റ്, മകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, പട്ടണപ്രവേശം, വെള്ളാനകളുടെ നാട്, വരവേൽപ്പ്, അക്കരെ അക്കരെ അക്കരെ, തലയണമന്ത്രം, സന്ദേശം, അഴകിയ രാവണൻ, അയാൾ കഥയെഴുതുകയാണ്, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻ മാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ചു.
ഏതാണ്ട് പത്തുവർഷത്തെ ഇടവേളയിൽ രണ്ടുചിത്രങ്ങളാണ് സംവിധാനംചെയ്തത്. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും. എം. മോഹനൻ സംവിധാനംചെയ്ത് ശ്രീനിവാസൻ തന്നെ പ്രധാന കഥാപാത്രമായ കഥപറയുമ്പോൾ എന്ന ചിത്രത്തിലൂടെ നിർമാതാവായി. മകൻ വിനീത് ശ്രീനിവാസൻ സംവിധാനംചെയ്ത തട്ടത്തിൻമറയത്ത് എന്ന ചിത്രംം നിർമിച്ചു. മികച്ച കഥ (സന്ദേശം), മികച്ച തിരക്കഥ (മഴയെത്തും മുമ്പേ), മികച്ച ജനപ്രിയ ചിത്രം (ചിന്താവിഷ്ടയായ ശ്യാമള), മികച്ച ചിത്രം (വടക്കുനോക്കിയന്ത്രം), പ്രത്യേക ജൂറി പുരസ്കാരം (തകരച്ചെണ്ട) എന്നീ വിഭാഗങ്ങളിലായി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ആദ്യസംവിധാനസംരംഭത്തിന് തന്നെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.
ആക്ഷേപഹാസ്യത്തിന്റെ സാധ്യതകൾ സൂക്ഷ്മമായിത്തന്നെ ഉപയോഗിച്ച ശ്രീനിവാസന്റെ ആദ്യകാല സിനിമകൾ സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നിസഹായതകളും സങ്കടങ്ങളും മിഴിവോടെ ആവിഷ്കരിച്ചു. സത്യൻ അന്തിക്കാടിനൊപ്പം അദ്ദേഹം ചെയ്ത വരവേൽപ് അടക്കമുള്ള സിനിമകൾ മലയാളിയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രവും ജീവിതവും പറയുന്നവയാണ്.
ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1991 ൽ പുറത്തിറങ്ങിയ ‘സന്ദേശ’ത്തിന്റെ രാഷ്ട്രീയവും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നു.ബക്കറുടേയും അരവിന്ദന്റെയും കെ.ജി. ജോർജിന്റേതുമടക്കമുളള നിരവധി ചിത്രങ്ങളിൽ ശ്രീനിവാസൻ അഭിനയിച്ചു. പഞ്ചവടിപ്പാലം, വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്നിവയിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്ത അദ്ദേഹം തിരക്കഥാരചനയിലേക്കും കടന്നു.’പൂച്ചയ്ക്കൊരു മൂക്കുത്തി’യാണ് ആദ്യ തിരക്കഥ. പ്രിയദർശനുമായി ചേർന്ന് ഒരുക്കിയ ഹാസ്യചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു. അഭിനയ രംഗത്തും മികച്ച വേഷങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ എംഎ ധവാൻ, ചിദംബരത്തിലെ മുനിയാണ്ടി, നാടോടിക്കാറ്റിലെ കുറ്റന്വേഷകനായ വിജയൻ, പൊൻമുട്ടയിടുന്ന താറാവിലെ സ്വർണപണിക്കാരൻ, പാവം പാവം രാജകുമാരനിലെ പാരലൽ കോളജ് അധ്യാപകൻ, വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശൻ, തേൻമാവിൻ കൊമ്പത്തിലെ മാണിക്യൻ, ഉദയനാണ് താരത്തിലെ സരോജ്കുമാർ തുടങ്ങിയ നിരവധി വേഷങ്ങൾ ശ്രദ്ധേയമായി. മഴയെത്തും മുമ്പേ(1995), സന്ദേശം (1991) എന്നീ ചിത്രങ്ങൾ മികച്ച തിരക്കഥയ്ക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. മരണവിവരം അറിഞ്ഞ് താലൂക്ക് ആശുപത്രിയിലേക്ക് ജനങ്ങൾ ഒഴുകുകയാണ്. മൃതദേഹം കുടുംബത്തിനു കൈമാറാനുള്ള നടപടിക്രമങ്ങൾ ആശുപത്രിയിൽ നടക്കുകയാണ്.

