മലയാളത്തിന്റെ തീരാനഷ്ടം, അവസാനമായി ശ്രീനിവാസനെ കണ്ട മമ്മൂട്ടി, പൊട്ടിക്കരഞ്ഞ് ധ്യാൻ

  • Home-FINAL
  • Kerala
  • മലയാളത്തിന്റെ തീരാനഷ്ടം, അവസാനമായി ശ്രീനിവാസനെ കണ്ട മമ്മൂട്ടി, പൊട്ടിക്കരഞ്ഞ് ധ്യാൻ

മലയാളത്തിന്റെ തീരാനഷ്ടം, അവസാനമായി ശ്രീനിവാസനെ കണ്ട മമ്മൂട്ടി, പൊട്ടിക്കരഞ്ഞ് ധ്യാൻ


കൊച്ചി: മലയാളത്തിന്റെ തീരാനഷ്ടം ശ്രീനിവാസന്റെ മരണവാർത്തയറിഞ്ഞ് സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവർ അവസാനമായി ഓടിയെത്തി. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കോഴിക്കോട്ടായിരുന്ന മകൻ ധ്യാൻ ശ്രീനിവാസനും വീട്ടിലെത്തി. വൈകാരികമായി ഏറെ അടുപ്പത്തിലായിരുന്ന മമ്മൂട്ടിയും അവസാനമായി പ്രിയപ്പെട്ട കൂട്ടുകാരനെ കണ്ടെത്തി. ഭാര്യ സുൽഫത്തും കൂടിയുണ്ടായിരുന്നു. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ, നടി സരയു, നിർമാതാവ് ആന്റോ ജോസഫ്, കെ.ബാബു എംഎൽഎ എന്നിവർ അടക്കമുള്ളവർ ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയും സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൊച്ചിയിലുണ്ട്. ഇരുവരും ശ്രീനിവാസന് ആദരാഞ്ജലി അർപ്പിക്കാൻ എത്തും. മരണവാർത്ത അറിഞ്ഞ് സിനിമാ പ്രവർത്തകർ കൊച്ചിയിലേക്ക് എത്തുകയാണ്. കൊച്ചിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയ്ക്ക് മുൻപായി ശ്രീനിവാസന്റെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കും. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ”ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ല. സിനിമയിൽ നിലനിന്നു പോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ ചുവടുവച്ചത്. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി ഒരു നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം ഉണ്ടാക്കുന്നത്. ഒരു അഭിമുഖത്തിനായി ഞങ്ങൾ ഒരുമിച്ചിരുന്നതും നർമ്മമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസ്സിൽ സ്ഥാനം ഉറപ്പിച്ചതും ഓർമിക്കുന്നു. വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസൻ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയായി അനുഭവപ്പെട്ടിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചുവളർന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്‌നത്തിലൂടെ പ്രായോഗിക തലത്തിൽ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകമാണ്.” – മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
അനശ്വര കലാകാരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമബോധത്തെയും ആഴത്തിൽ സ്പർശിച്ച അയാൾ കഥയെഴുത്ത് നിർത്തി. കാലത്തിന്റെ അക്കരെ അക്കരെ അക്കരെനിന്ന് ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യപ്രചോദനമാകും. അവസാനം കണ്ടപ്പോഴും ശാരീരികമായ പലവിധ അവശതകൾക്കിടയിലും ശ്രീനിവാസൻ അദ്ദേഹത്തിന്റെ ചിന്തകളെ പുതുക്കിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെട്ടിരുന്നു. നർമത്തിന്റെ മേമ്പോടിയോടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ വെള്ളിത്തിരയിലെത്തിക്കുവാൻ ശ്രീനിവാസനു സവിശേഷമായ കഴിവുണ്ടായിരുന്നു. ദശകങ്ങളോളം ചലച്ചിത്രത്തിന്റെ സർവമേഖലയിലും തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നു. വായനശാലകൾ സജീവമായ പാട്യത്തെ ബാല്യകാലമാണ് ശ്രീനിവാസനിൽ വായനയിലും നാടകാഭിനയത്തിലും കമ്പമുണർത്തിയത്. ഉൾക്കാമ്പുള്ള പ്രമേയങ്ങളെ അതീവഹൃദ്യമായി അവതരിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ സർഗ്ഗശേഷി സിനിമയുള്ള കാലത്തോളം സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ചലച്ചിത്ര ലോകത്തിന്റെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു” – അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Leave A Comment