പൊലീസ് എത്തിയപ്പോൾ ഹോട്ടലിൽ നിന്ന് ഓടിയതിൽ വിശദീകരണവുമായി ഷൈൻ ടോം ചാക്കോ. വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണ് ഓടിയതെന്ന് ഷൈൻ പൊലീസിന് മൊഴി നൽകി. വന്നത് ഡാൻസഫ് ആണെന്ന് അറിയില്ലായിരുന്നു. സിനിമാ മേഖലയിൽ ശത്രുക്കളുണ്ട്. അവരെ താൻ പേടിക്കുന്നു. അവർ ആരൊക്കെയാണ് തനിക്ക് അറിയില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. എന്തിന് പേടിക്കുന്നുവെന്ന ചോദ്യത്തിന് തൻ്റെ വളർച്ച ഇഷ്ടപെടാത്തവരെന്നാണ് നടന്റെ ഉത്തരം. അതേസമയം ചോദ്യം ചെയ്യൽ ആരംഭിച്ചിട്ട് ഒരു മണിക്കൂർ പിന്നിട്ടെങ്കിലും പൂർണമായും സഹകരിക്കാതെ നടൻ ഷൈൻ ടോം ചാക്കോ. പൊലീസ് ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഒറ്റ വാക്കിലാണ് ഷൈൻ മറുപടി നൽകുന്നത്. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈൻ ചോദ്യം ചെയ്യലിനായി ഹാജരാകാൻ എത്തിയത്.