ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധത്തിനിടെ ഡാർഫറിൽ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്). നേരത്തെ സുഡാൻ സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന അർധ സൈനിക വിഭാഗമായിരുന്നു ഇവർ. രാജ്യത്തിന്റെ പടിഞ്ഞാറൻ ഡർഫർ മേഖലയിലെ എൽ ഫാഷർ നഗരം കഴിഞ്ഞദിവസം പിടിച്ചെടുത്ത ആർഎസ്എഫ്, നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കി. എൽ ഫാഷറിലെ പ്രധാന ആശുപത്രിയിലുണ്ടായിരുന്ന 460 സാധാരണക്കാരാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
2023 മുതൽ സുഡാൻ സൈന്യവുമായി ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെട്ടുവരികയാണ് ആർഎസ്എഫ്. എത്രപേർ കൊല്ലപ്പെട്ടുവെന്ന് അറിയില്ലെങ്കിലും നഗരത്തിലെ ആശുപത്രി സംവിധാനങ്ങൾ കശാപ്പുശാലകളായി മാറിയെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. ആർഎസ്എഫ്, നാല് ഡോക്ടർമാർ ഉൾപ്പെടെ ആറ് ആരോഗ്യപ്രവർത്തകരെ തട്ടിക്കൊണ്ടു പോയതായും വിട്ടയക്കാൻ ഒന്നരലക്ഷം ഡോളർ ആവശ്യപ്പെട്ടതായും വിവരമുണ്ട്.

