കള്ളക്കേസിൽ കുടുക്കിയെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതി വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നെടിയവിള വീട്ടിൽ വത്സല (71) അരുൺ (42) എന്നിവരാണ് മരിച്ചത്. വീടിനു പിന്നിലുള്ള ഭാഗത്താണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറാണ് അരുൺ. കഴിഞ്ഞ വർഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് റജിസ്റ്റർ ചെയ്തത്.
ആത്മഹത്യക്കുറിപ്പ് സുഹൃത്തുക്കൾക്കായി അരുൺ അയച്ചുകൊടുത്തിരുന്നു. തന്നെ കള്ളക്കേസുകളിൽ കുടുക്കിയെന്നാണ് കുറിപ്പിൽ ആരോപിക്കുന്നത്. ഉത്തരവാദികളായവരുടെ പേരും കുറിപ്പിൽ എഴുതിയിട്ടുണ്ട്. പ്രദേശവാസികൾക്കെതിരെയാണ് അരുൺ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നതാണ് അറിയുന്നത്.തനിക്കെതിരെ വ്യാജ ജാതി കേസും മോഷണ കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നും പഞ്ചായത്ത് അംഗത്തിന്റെ ലെറ്റർ ഹെഡിൽ തയ്യാറാക്കിയ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

