തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ (27) എസ്ഐ അടക്കം 4 പൊലീസുകാർ സ്റ്റേഷനിൽ വച്ച് തല്ലിച്ചതച്ച സംഭവത്തിൽ കടുത്ത നടപടി വേണമെന്ന് പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ. മർദിച്ചവരെ ക്രമസമാധാനച്ചുമതലയിൽനിന്നു മാറ്റിയേക്കും. തുടർനടപടിക്കു നിയമസാധുത പരിശോധിക്കാൻ ഉത്തരമേഖലാ ഐജിക്ക് ഡിജിപി നിർദേശം നൽകി.
മർദനം അംഗീകരിക്കാൻ കഴിയില്ലെന്നും ഡിജിപി വ്യക്തമാക്കി. സുജിത്തിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് പൊലീസ് സേനയ്ക്കാകെ മാനക്കേടുണ്ടാക്കിയെന്ന ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടിക്കുള്ള നീക്കം നടക്കുന്നത്. ഇൻക്രിമെന്റ് തടയൽ ഉൾപ്പെടെയുള്ള നടപടികൾ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ചിട്ടുണ്ട്.
പൊലീസിന്റെ അതിക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ രണ്ടര വർഷത്തിനുശേഷം വിവരാവകാശ നിയമപോരാട്ടത്തിലൂടെയാണ് പുറത്തുവന്നത്. 3 യുവാക്കളെ കസ്റ്റഡിയിലെടുത്തതു ചോദ്യം ചെയ്ത വി.എസ്. സുജിത്തിനെ (27) സ്റ്റേഷനിൽ എത്തിച്ച് ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളാണ് സ്റ്റേഷനിലെ സിസിടിവി ക്യാമറയിൽനിന്നു ലഭിച്ചത്. എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശീന്ദ്രൻ, സിപിഒമാരായ സന്ദീപ്, സജീവൻ എന്നിവർ ചേർന്നു മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കരണത്തേറ്റ അടിയിൽ സുജിത്തിനു കേൾവിത്തകരാറും സംഭവിച്ചു.
2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. ചിലർ പൊതുസ്ഥലത്തു മദ്യപിക്കുന്നതായ പരാതിയെത്തുടർന്നു കാണിപ്പയ്യൂരിലെത്തിയ പൊലീസ് 3 യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് അടുത്ത വീട്ടിൽ താമസിക്കുന്ന സുജിത്ത് തടഞ്ഞു. ഇതോടെ സുജിത്തിനെ കസ്റ്റഡിയിലെടുത്തു ക്രൂരമായി മർദിക്കുകയായിരുന്നു

