കൊച്ചി: രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് അഭിനയിച്ചതെന്നും തനിക്കെതിരെയുള്ള കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി. തനിക്കെതിരായ നടപടി വസ്തുതകൾ പരിശോധിക്കാതെയാണ്. രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിന് പുരസ്‌കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ല. ഇന്ന് തന്നെ ഹർജി പരിഗണിക്കുമെന്നാണ് വിവരം.
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത വരുന്ന കാര്യത്തിൽ ഏറെക്കുറെ സമവായമുണ്ടാവുകയും താൻ മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തു എന്ന് ശ്വേത പറയുന്നു. ജൂലൈ 31ന് ആയിരുന്നു പത്രിക പിൻവലിക്കേണ്ട അവസാന തീയതി. താൻ മത്സരിക്കാൻ തീരുമാനിച്ചതിനാൽ പത്രിക പിൻവലിച്ചില്ല. അന്നു തന്നെയാണ് തനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയിലാണ് ഈ മാസം 5ന് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നും ശ്വേത ചൂണ്ടിക്കാട്ടുന്നു.
താൻ അശ്ലീലമായി അഭിനയിച്ചു എന്ന് പരാതിയിൽ പറഞ്ഞിട്ടുള്ള പലേരി മാണിക്യത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച കാര്യം അവർ ഹര്‍ജിയിൽ പറയുന്നു. താൻ പോൺ സൈറ്റ് നടത്തുന്നുവെന്ന തരത്തിലുള്ള ആരോപണം അസംബന്ധവും മാനനഷ്ടത്തിന് ഇടയാക്കുന്നതുമാണ്. ഹൈക്കോടതിക്ക് അടുത്തു വച്ചാണ് അത്തരമൊരു ലൈംഗിക ദൃശ്യം അടങ്ങിയ വിഡിയോ കണ്ടത് എന്നാണ് പരാതിക്കാരൻ പറയുന്നത്. പരാതിക്കാരനെ സംബന്ധിച്ചും വിശദമായ അന്വേഷണം വേണ്ടതുണ്ടെന്നും ഹര്‍ജിയിൽ പറയുന്നു.
സിനിമയിലെ അശ്ലീലരംഗങ്ങളിൽ സാമ്പത്തിക ലാഭത്തിനായി അഭിനയിച്ചു എന്ന പരാതിയിലാണ് നടി ശ്വേതാ മേനോന്റെ പേരിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്ന് എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.

