തിരുവനന്തപുരം: കേരളത്തിൽ കോൾഡ്രിഫ് സിറപ്പിന്റെ വിൽപന സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിർത്തിവയ്പ്പിച്ചു. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ. 13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ വിൽക്കാനോ കൊടുക്കാനോ പാടില്ല. ഈ ബാച്ച് മരുന്നിന്റെ വിൽപന കേരളത്തിൽ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസിലാക്കിയതെന്നും മന്ത്രി പറഞ്ഞു. എങ്കിലും സുരക്ഷയെ കരുതിയാണ് കോൾഡ്രിഫ് മരുന്നിന്റെ വിതരണവും വിൽപനയും പൂർണമായും നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്. കെ.എം.എസ്.സി.എൽ വഴി കോൾഡ്രിഫ് സിറപ്പ് വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി അറിയിച്ചു.
രാജസ്ഥാനിലും മധ്യപ്രദേശിലും ചുമമരുന്നു കഴിച്ചതിനു പിന്നാലെ അസ്വാസ്ഥ്യമുണ്ടായി 11 കുട്ടികൾ മരിച്ചിരുന്നു. മരിച്ച കുട്ടികൾക്ക് വൃക്ക തകരാറുകളും കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച മധ്യപ്രദേശ് സർക്കാർ മരുന്നിന്റെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 1400 ഓളം കുട്ടികൾ രാജസ്ഥാനിൽ നിരീക്ഷണത്തിലാണ്. ചുമമരുന്ന് കഴിച്ച് മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ മാർഗനിർദേശം പുറത്തിറക്കിയിരുന്നു. ശിശുമരണങ്ങൾക്കു പിന്നാലെ കോൾഡ്രിഫ് സിറപ്പിന്റെ വിൽപന തമിഴ്‌നാട് സർക്കാറും നിർത്തിവച്ചു.

