അഹമ്മദാബാദ്: 2026 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്നു ന്യൂസിലന്‍ഡിനെ നേരിടും. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ആറു വിക്കറ്റിനു പരാജയപ്പെട്ടതിന്റെ വേദന ഇന്ത്യന്‍ ആരാധകര്‍ക്ക് ഇന്നുമുണ്ട്. 2023 ഏകദിന ലോകകപ്പ് ഫൈനലിലെ കണ്ണീരിനും 839 ദിനങ്ങള്‍ക്കുശേഷം ടീം ഇന്ത്യ അഹമ്മദാബാദില്‍ വീണ്ടുമൊരു ഫൈനല്‍ കളിക്കാനിറങ്ങുന്നു. 2026 ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ 17 റണ്‍സിന് നെതര്‍ലന്‍ഡ്സിനെ അഹമ്മദാബാദില്‍വച്ച് കീഴടക്കി. എന്നാല്‍, സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന്റെ തോല്‍വി വഴങ്ങി. ദക്ഷിണാഫ്രിക്കയെ സെമിയില്‍ കീഴടക്കിയാണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയിരിക്കുന്നത്.
2023 ഏകദിന ലോകകപ്പ് ഫൈനലിലും ഇത്തവണ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയും ടോസ് നഷ്ടപ്പെട്ടതാണ് ഇന്ത്യന്‍ തോല്‍വിക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ആതിഥേയ ടീം, തുടര്‍ച്ചയായി രണ്ട് തവണ ചാമ്പ്യന്മാരാകുന്ന ആദ്യ ടീം തുടങ്ങിയ റിക്കാര്‍ഡുകളാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. മറുവശത്ത് കന്നിക്കിരീടം തേടിയാണ് മിച്ചല്‍ സാന്റ്നര്‍ നയിക്കുന്ന ന്യൂസിലന്‍ഡ് ഇറങ്ങുക.

