സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭർത്താവ് മക്കൾക്ക് വിഷം നൽകി ആത്മഹത്യ ചെയ്തു. സൂറത്തിലെ ദിൻഡോലിയിൽ സ്കൂൾ അധ്യാപകനായ അൽപേഷ് സോളങ്കിയാണ് രണ്ട് ആൺമക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അൽപേഷിന്റെ ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഫാൽഗുനി കാമുകൻ നരേഷ് റാത്തോഡ് എന്നിവരാണ് അറസ്റ്റിലായത്. നാലു വർഷമായി ഇരുവരും പ്രണയത്തിലാണെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. ഫാൽഗുനി ഫോണിൽ വിളിച്ചെങ്കിലും അൽപേഷിനെ കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് മക്കൾ കട്ടിലിലും അൽപേഷ് സമീപത്തും മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴും രണ്ടും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് സൂറത്ത് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ വിജയ് സിങ് ഗുജ്ജർ പറഞ്ഞു.
മുറിയിൽനിന്ന് എട്ടു പേജുകളുള്ള ആത്മഹത്യക്കുറിപ്പും രണ്ടു ഡയറികളും ലഭിച്ചു. ഭാര്യയുടെ വിവാഹേതര ബന്ധത്തെ കുറിച്ചും തനിക്കുണ്ടായ മാനസിക വിഷമത്തെ കുറിച്ചു ഡയറിയിൽ പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഒട്ടേറെ തവണ പറഞ്ഞിട്ടും ഫാൽഗുനി ബന്ധം അവസാനിപ്പിച്ചില്ലെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്. തന്റെ രൂപത്തെക്കുറിച്ച് പലപ്പോഴും പരിഹസിച്ചിരുന്നതായും അൽപേഷ് ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.

