പരപ്പനങ്ങാടി: പൂർവവിദ്യാർഥി സംഗമത്തിൽ പരിചയം പുതുക്കി അധ്യാപികയുടെ വീട്ടിലെത്തി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് ഭാര്യയ്ക്ക് അറസ്റ്റ് വാറന്റും നൽകി. ചെറിയമുണ്ടം തലക്കടത്തൂരിലെ നീലിയത്ത് വേർക്കൻ ഫിറോസ് (51), ഭാര്യ റംലത്ത് (മാളു 43) എന്നിവരാണ് പ്രതികൾ. താനൂർ തലക്കടത്തൂർ സ്‌കൂളിലെ അധ്യാപികയായ നെടുവ സ്വദേശിനിയുടെ സ്വർണവും പണവുമാണ് മോഷ്ടിച്ചത്.
പൂർവ വിദ്യാർഥി സംഗമത്തിന് എത്തിയപ്പോഴായിരുന്നു വർഷങ്ങൾക്ക് ശേഷം പരിചയപ്പെട്ടത്. പിന്നീട് വീട്ടിലെത്തി സൗഹൃദം സ്ഥാപിച്ചു. പക്ഷാഘാതമുണ്ടായെന്നും ജീവിക്കാൻ മാർഗമില്ലെന്നും പറഞ്ഞ് ഒരു ലക്ഷം രൂപ ആവശ്യമുണ്ടെന്നും 4000 രൂപ പലിശ നൽകാമെന്നും പറഞ്ഞു താക വാങ്ങി. വീണ്ടും ഒരു ലക്ഷം രൂപ കൂടി വാങ്ങി. പലിശ തുക രണ്ടു തവണ കൃത്യമായി തിരികെ നൽകി വിശ്വാസ്യത പിടിച്ചു പറ്റി. പിന്നീട് ബിസിനസ് വിപുലമാക്കാനാണെന്നു പറഞ്ഞു സ്വർണം ആവശ്യപ്പെട്ടതോടെ ബാങ്കിൽ സൂക്ഷിച്ചിരുന്ന 21 പവൻ സ്വർണവും അധ്യാപിക ഫിറോസിന് നൽകി. പിന്നീട് ഫിറോസിന്റെ ഫോൺ ഓഫ് ആയതോടെയാണ് അധ്യാപികയ്ക്ക് താൻ കബളിപ്പിക്കപ്പെട്ടതായി സംശയം തോന്നിയത്. 47 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് നഷ്ടമായത്. ഫിറോസ് കർണാടകയിലെ ഹാസനിൽ ആർഭാടമായി ജീവിക്കുന്നുവെന്ന് വിവരം ലഭിച്ചതോടെ പരപ്പനങ്ങാടി സിഐ വിനോദ് വലിയാട്ടൂരും സംഘവും ഹാസനിലെത്തി അന്വേഷണം നടത്തി. മകളുടെ വിവാഹത്തിന് ശേഖരിച്ച് വച്ച പണവും സ്വർണവും നഷ്ടപ്പെട്ടതോടെ വിവാഹം മുടങ്ങി.അറസ്റ്റിലായ ഫിറോസിനെ കോടതിയിൽ ഹാജരാക്കി തിരൂർ സബ് ജയിലിലേക്ക് മാറ്റി.

