തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ സ്വർണവും മറ്റുസ്വത്തുക്കളും ആരുതൊട്ടാലും അക്കാര്യം അറിയാൻ കഴിയുന്ന സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കംപ്യൂട്ടറിൽ നോക്കിയാൽ മനസിലാകുന്ന ഡിജിറ്റൽ പൂട്ടാണ് ഇതിനായി ഒരുക്കിയത്. തിരുവാഭരണം ഉൾപ്പെടെയുള്ളവ സ്ട്രോങ് റൂമിൽനിന്ന് ശ്രീകോവിലിലേക്കോ മറ്റെവിടേക്കെങ്കിലുമോ മാറ്റുമ്പോഴോ അറ്റകുറ്റപ്പണിക്കായി എടുക്കുമ്പോഴോ എല്ലാവിവരവും മഹസർ സഹിതം ഡിജിറ്റലാക്കും. ഇതിനുള്ള സോഫ്റ്റ് വെയർ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) ദേവസ്വം ബോർഡിന് സൗജന്യമായി നൽകി. ആദ്യം ശബരിമലയിലും ആറന്മുളയിലും സ്ട്രോങ് റൂമുകൾ ഡിജിറ്റലാക്കും. തുടർന്ന് അതേമാതൃകയിൽ ദേവസ്വം ബോർഡിന്റെ ബാക്കിയുള്ള സ്ട്രോങ് റൂമുകളിലും നടപ്പാക്കും. ഇതിന് ആറുമാസത്തോളം സമയമെടുക്കും. വൈകാതെ ഇ-ഓഫീസും നടപ്പാകുമെന്നറിയുന്നു. ഭൂമിവിവരങ്ങൾ, സ്വത്തുക്കളുടെ കണക്ക്, മരാമത്ത് പണികളുടെയും ക്ഷേത്രഭൂമിയുടെയും ദേവസ്വം ജീവനക്കാരുടെയും വിവരങ്ങൾ, ബിൽ പെയ്മെന്റ് തുടങ്ങിയവയെല്ലാം ഡിജിറ്റലാകും.
ക്ഷേത്രങ്ങളിൽ വഴിപാടായോ കാണിക്കയായോ കിട്ടുന്ന സ്വർണാഭരണങ്ങളും മറ്റും നിശ്ചിതദിവസത്തിനകം ചുമതലയുള്ള ഉദ്യോഗസ്ഥർ മഹസർ തയ്യാറാക്കി സ്ട്രോങ് റൂമിലേക്കു മാറ്റും. ശബരിമലയിൽനിന്ന് ആറന്മുള ക്ഷേത്രത്തിലേക്കുമാറ്റാൻ അഞ്ചുദിവസത്തെ സമയമാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. അതേ പോലെ സ്വത്തുക്കളുടെ കണക്കും മറ്റുവിവരങ്ങളും പൂർണമായി ഡിജിറ്റലാകും. ഏതുവിധത്തിലുള്ള കൈകാര്യങ്ങളും അതു ചെയ്തവരുടെ വിവരങ്ങളും ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറിലോ ലാപ്ടോപ്പിലോ അപ്പപ്പോൾ ലഭ്യമാകുമെന്നും ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. തമിഴ്നാട്ടിലെ 44,000 ക്ഷേത്രങ്ങളിലെ ഭരണം ഡിജിറ്റലാക്കിയത് എൻഐസി സോഫ്റ്റ് വെയറാണ്.

