അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ചുള്ള ലേഖനത്തിൽ ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് ശശി തരൂർ എം.പി പറഞ്ഞു. നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതിൽ ഉൾപ്പെട്ട ചില വ്യക്തികളെക്കുറിച്ചുമാണ് ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളതെന്നും തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അടിയന്തരാവസ്ഥയെ വിമർശിച്ചും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അധികാരം കൈയാളിയ മകൻ സഞ്ജയ്ഗാന്ധിയുടെയും ക്രൂരതകൾ തുറന്നുകാട്ടിയുമാണ് ശശി തരൂർ ലേഖനം എഴുതിയത്.
1997ൽ താൻ എഴുതിയതാണ് ഇപ്പോഴും എഴുതിയത്. സർവേ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് സർവേ നടത്തിയവരോട് ചോദിക്കണമെന്നായിരുന്നു തരൂരിന്റെ പ്രതികരണം.അടിയന്തരാവസ്ഥ കാലത്ത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായെന്ന് ലേഖനത്തിൽ പറയുന്നു. ഭരണഘടനാപരമായ അതിക്രമങ്ങൾ മനുഷ്യാവകാശ ലംഘനങ്ങളുടെ ഭയാനകമായ പട്ടികയ്ക്ക് വഴിയൊരുക്കി.തടങ്കലിലെ പീഡനങ്ങളും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും ഭരണകൂടത്തെ ധിക്കരിക്കാൻ ധൈര്യം കാണിച്ചവർക്ക് ഇരുണ്ട യാഥാർത്ഥ്യങ്ങളായിരുന്നെന്നും ലേഖനത്തിൽ പറയുന്നു.
മുഖ്യമന്ത്രി പദവിയിലേക്ക് കൂടുതൽ ജനപിന്തുണ തനിക്കെന്ന സർവേ റിപ്പോർട്ട് സ്വയം പുറത്തുവിട്ട് വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണ് ശശി തരൂരിന്റെ അടുത്ത ഇടപെടൽ. പ്രോജക്ട് സിൻഡിക്കേറ്റ് എന്ന ഏജൻസി വഴിയാണ് മാദ്ധ്യമങ്ങളിൽ ശശി തരൂരിന്റെ ലേഖനം പ്രത്യക്ഷപ്പെട്ടത്.

