എയർ ഇന്ത്യ പൈലറ്റ് ഉറക്കമരുന്ന് കഴിച്ചിരുന്നു; വിമാനം താഴേക്ക് പതിച്ചപ്പോൾ കോക്പിറ്റിൽ നിലത്തിരുന്നു

  • Home page
  • India
  • എയർ ഇന്ത്യ പൈലറ്റ് ഉറക്കമരുന്ന് കഴിച്ചിരുന്നു; വിമാനം താഴേക്ക് പതിച്ചപ്പോൾ കോക്പിറ്റിൽ നിലത്തിരുന്നു

എയർ ഇന്ത്യ പൈലറ്റ് ഉറക്കമരുന്ന് കഴിച്ചിരുന്നു; വിമാനം താഴേക്ക് പതിച്ചപ്പോൾ കോക്പിറ്റിൽ നിലത്തിരുന്നു


ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം പറക്കുന്നതിനിടെ പെട്ടെന്ന് താഴേക്ക് പതിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പൈലറ്റ് ഉറക്കമില്ലായ്മയ്ക്ക് മരുന്ന് കഴിച്ചിരുന്നതായും അപകടസമയത്ത് ഇയാൾ കോക്പിറ്റിൽ നിലത്തിരിക്കുകയായിരുന്നു എന്നും എയർ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എൻഡിടിവിയാണ് അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടത്. പൈലറ്റ് മരിജുവാന ഉപയോഗിച്ചിരുന്നതായി നേരത്തെ നടത്തിയ ലഹരിപരിശോധനകളിൽ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉറക്കമില്ലായ്മയ്ക്ക് കുടുംബ ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിച്ചിരുന്നുവെന്ന പുതിയ വെളിപ്പെടുത്തൽ വരുന്നത്. കുടുംബപരമായ പ്രശ്നങ്ങൾ കാരണം ഉറക്കം ലഭിച്ചിരുന്നില്ലെന്നും, ഡ്യൂട്ടിക്കിടയിലെ വിശ്രമസമയത്ത് ഉറങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് നടത്തം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരീക്ഷിച്ചിരുന്നുവെന്നും പൈലറ്റ് മൊഴി നൽകിയിട്ടുണ്ട്.

ഈ മാസം നാലിന് തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് 137 യാത്രക്കാരുമായി ഡൽഹിയിലേക്ക് പുറപ്പെട്ട എയർബസ് എ320 വിമാനമാണ് ഒഡീഷയ്ക്ക് മുകളിൽ വച്ച് പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ചത്. സംഭവത്തിൽ നാല് ക്രൂ അംഗങ്ങൾ ഉൾപ്പെടെ 17 പേർക്ക് പരുക്കേറ്റിരുന്നു. ആദ്യഘട്ടത്തിൽ വിമാനം ആകാശച്ചുഴിയിൽ പെട്ടതാണെന്നായിരുന്നു കരുതിയതെങ്കിലും, പൈലറ്റിന്റെ അസ്വാഭാവിക പെരുമാറ്റവും ലഹരി ഉപയോഗവും പിന്നീട് അന്വേഷണത്തിൽ തെളിയുകയായിരുന്നു. അപകടസമയത്ത് പൈലറ്റ് തന്റെ സീറ്റിൽ ഉണ്ടായിരുന്നില്ലെന്നും കോക്പിറ്റിൽ നിലത്ത് ഇരിക്കുകയായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആ സമയത്ത് കോ-പൈലറ്റാണ് വിമാനം നിയന്ത്രിച്ച് വൻ അപകടം ഒഴിവാക്കിയത്.

യാത്രയ്ക്കുമുമ്പ് ഡൽഹിയിൽ നിന്ന് ഫുക്കറ്റിലേക്കുള്ള വിമാനത്തിൽ വച്ച് ഇയാൾ സഹപ്രവർത്തകനോട് മോശമായി പെരുമാറിയിരുന്നു. തുടർന്ന് പ്രശ്നം പരിഹരിക്കാനെന്ന പേരിൽ ഫുക്കറ്റിൽ വച്ച് ജീവനക്കാർക്ക് പാർട്ടി നൽകുകയും അവിടെ വച്ച് ലഹരി ഉപയോഗിക്കുകയും ചെയ്തതായി മറ്റ് ജീവനക്കാർ വിമാനക്കമ്പനിയെ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Leave A Comment