കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, പാലക്കാട് ജില്ലയിലെ പട്ടാമ്പി സീറ്റുകൾ വെച്ചുമാറും. യുഡിഎഫിൽ ഇതുസംബന്ധിച്ച ധാരണയായി. നിലവിൽ മുസ്ലീം ലീഗ് മത്സരിക്കുന്ന തിരുവമ്പാടിയിൽ കോൺഗ്രസും കോൺഗ്രസ് മത്സരിക്കുന്ന പട്ടാമ്പിയിൽ മുസ്ലീം ലീഗും സ്ഥാനാർഥിയെ നിർത്തും. നിലവിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ് പട്ടാമ്പിയും തിരുവമ്പാടിയും. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം, തിരുവമ്പാടിയിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥി വരണമെന്ന സഭയുടെ താത്പര്യം തുടങ്ങിയവ പരിഗണിച്ചാണ് സീറ്റ് മാറ്റം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ഘട്ടത്തിൽത്തന്നെ മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവമ്പാടിയിൽനിന്ന് മത്സരിക്കുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ, സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിയപ്പോൾ തിരുവമ്പാടി വെച്ചുമാറുന്ന കാര്യത്തിൽ ആശയക്കുഴപ്പങ്ങളുണ്ടായി. ഇക്കാര്യത്തിൽ ധാരണയായതോടെ വിഎസ് ജോയ് തന്നെ സ്ഥാനാർത്ഥിയായി എത്തുമെന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്റേതാണ് ഉയർന്നുകേൾക്കുന്ന മറ്റൊരുപേര്. ലീഗ് ഏറ്റെടുക്കുന്ന പട്ടാമ്പി സീറ്റിൽ യൂത്ത് ലീഗ് നേതാവ് ആയിരുന്ന എംഎ സമദിന്റെ പേരാണ് ഉയരുന്നത്. പുനലൂർ-ചടയമംഗലം, കോങ്ങാട്-ബാലുശ്ശേരി സീറ്റുകൾ വെച്ചുമാറുന്നതിലും ഉടൻ അന്തിമതീരുമാനമുണ്ടായേക്കും.

