തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദീഖിന് വിദേശത്ത് പോകാൻ അനുമതി. യുഎഇ, ഖത്തർ എന്നിവിടങ്ങളിലേക്കു പോകാൻ ഒരു മാസത്തേക്കാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി അനുമതി നൽകിയത്. 19 മുതൽ 24 വരെ യുഎഇയിലും അടുത്ത മാസം 13 മുതൽ 18 വരെ ഖത്തറിലും പോകാൻ അനുമതി തേടിയാണ് സിദ്ദീഖ് കോടതിയെ സമീപിച്ചത്. യാത്രയ്ക്കു ശേഷം പാസ്പോർട്ട് കോടതിയിൽ തിരികെ ഏൽപ്പിക്കണം.
സിനിമാ ചിത്രീകരണത്തിനായും ചില ചടങ്ങുകളിൽ പങ്കെടുക്കാനുമാണ് സിദ്ദീഖ് കോടതിയുടെ അനുമതി തേടിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് സിദ്ദീഖിനെതിരായ കേസ്. നടി പരാതിയിൽ പറഞ്ഞ ദിവസം സിദ്ദീഖ് ഹോട്ടലിൽ താമസിച്ചതിനും നടി അവിടെ വന്നതിനും തെളിവുണ്ട്. നടിക്ക് സന്ദേശമയച്ചതടക്കം തെളിവുകളും അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നുണ്ട്.

