തിരുവനന്തപുരം: നെയ്യാറ്റിൻകര പൊഴിയൂരിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ടിനു നേരെ ബിയർ കുപ്പി എറിഞ്ഞുള്ള ആക്രമണത്തിൽ മൂന്നുവയസുകാരിക്ക് ഗുരുതര പരിക്ക്. പൊഴിയൂരിൽ വിനോദസഞ്ചാരത്തിന് എത്തിയ ബംഗാൾ സ്വദേശി അൽക്കർദാസിന്റെ മകൾ അനുപമദാസിനാണ് പരിക്ക്. ആക്രമണത്തിൽ പൊഴിയൂർ ആറ്റുപുറം സ്വദേശി സനൂജിനെ (34) നാട്ടുകാരും ബോട്ട് ജീവനക്കാരും ചേർന്ന് പിടികൂടി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വിനോദസഞ്ചാരികൾ യാത്ര ചെയ്യുന്നതിനിടെ മദ്യപിച്ച് പുഴയിൽ കുളിച്ചുകൊണ്ടു നിന്ന സനൂജ് ബോട്ടിൽ സഞ്ചരിച്ച ഒരാളുടെ കയ്യിൽ കയറി പിടിക്കാൻ ശ്രമിച്ചു. ഇത് എതിർത്തപ്പോഴാണ് കയ്യിലിരുന്ന ബിയർ കുപ്പി എറിഞ്ഞത്. ഗുരുതര പരുക്കേറ്റ കുട്ടിയെ നാട്ടുകാർ ചേർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു.

