കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽപോയി മടങ്ങും വഴി ട്രെയിനിൽ വച്ചായിരുന്നു മരണം. ഇന്ന് പുലർച്ചെ 3.30ന് ട്രെയിൻ തെങ്കാശിയിൽ എത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പ്രിൻസ്. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്. കെഎസ്‌സി, കേരള യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നു. കേരള കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിൻസ് ലൂക്കോസ്. കോട്ടയം പെരുമ്പയിക്കാട് സ്വദേശിയാണ്.

