പാം ബീച്ച്, ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ സ്വകാര്യ വസതിയായ മാർ-എ-ലാഗോയിൽ സുരക്ഷാ വേലി ഭേദിച്ച് അകത്തുകയറാൻ ശ്രമിച്ച യുവാവിനെ യുഎസ് സീക്രട്ട് സർവീസ് വെടിവെച്ചു കൊന്നു. ഞായറാഴ്ച പുലർച്ചെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.വടക്കൻ കരോലിനയിൽ നിന്നുള്ള ഇരുപതുകാരനാണെന്ന് പ്രാഥമിക വിവരം. ഇയാൾ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു.
ഇയാളുടെ പക്കൽ ഒരു ഷോട്ട്ഗണ്ണുംഇന്ധനം നിറച്ച ക്യാനും ഉണ്ടായിരുന്നതായി സീക്രട്ട് സർവീസ് അറിയിച്ചു.
പുലർച്ചെ 1:30-ഓടെ വസതിയുടെ വടക്കേ കവാടത്തിലൂടെയാണ് ഇയാൾ അകത്തുകയറാൻ ശ്രമിച്ചത്. മറ്റൊരു വാഹനം പുറത്തേക്ക് പോകുന്നതിനിടെ സുരക്ഷാ തടസ്സങ്ങൾ മറികടന്ന് ഇയാൾ കാർ ഓടിച്ചു കയറ്റുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന സീക്രട്ട് സർവീസ് ഏജന്റുമാരും പാം ബീച്ച് കൗണ്ടി ഡെപ്യൂട്ടി ഷെരീഫും ചേർന്ന് ഇയാളെ നേരിടുകയും വെടിയുതിർക്കുകയുമായിരുന്നു. സംഭവസമയത്ത് പ്രസിഡന്റ് ട്രംപോ പ്രഥമ വനിത മെലാനിയ ട്രംപോ വസതിയിൽ ഉണ്ടായിരുന്നില്ല. ഇരുവരും വാഷിംഗ്ടൺ ഡി.സി.യിലെ വൈറ്റ് ഹൗസിലായിരുന്നു. വസതിയിൽ സംരക്ഷണയിലുള്ള മറ്റ് വ്യക്തികളാരും ഉണ്ടായിരുന്നില്ലെന്നും സുരക്ഷാ ഏജൻസി വ്യക്തമാക്കി.
എഫ്.ബി.ഐ (FBI), സീക്രട്ട് സർവീസ്, പാം ബീച്ച് ഷെരീഫ് ഓഫീസ് എന്നിവർ ചേർന്ന് സംയുക്ത അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട യുവാവ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വടക്കൻ കരോലിനയിൽ നിന്ന് കാണാതായ വ്യക്തിയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇയാളുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഡൊണാൾഡ് ട്രംപിന് നേരെ നടക്കുന്ന മൂന്നാമത്തെ വലിയ സുരക്ഷാ ഭീഷണിയാണിത്. 2024 ജൂലൈയിൽ പെൻസിൽവേനിയയിലെ റാലിയിൽ വെച്ച് ട്രംപിന് വെടിയേറ്റിരുന്നു. സെപ്റ്റംബറിൽ അദ്ദേഹത്തിന്റെ ഗോൾഫ് കോഴ്സിലും സമാനമായ വധശ്രമം നടന്നിരുന്നു.

