വാഷിംഗ്ടൺ: ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ്, പേറ്റന്റ് മരുന്നുകൾക്ക് 2025 ഒക്ടോബർ ഒന്ന് മുതൽ 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് സൂചന. അമേരിക്കയിൽ പ്ലാന്റുകൾ സ്ഥാപിച്ച് മരുന്നുകൾ നിർമ്മിക്കുന്ന കമ്പനികളെ തീരുവയിൽ നിന്ന് ഒഴിവാക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
തീരുവനയങ്ങളിലൂടെ രാജ്യത്ത് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനാണ് ട്രംപിന്റെ നീക്കം. ഇറക്കുമതിക്കാർക്ക് അധിക നികുതിയുടെ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാൻ കഴിയില്ലെന്നും ഇത് വിലക്കയറ്റത്തിന് കാരണമാകില്ലെന്നുമാണ് വാദം.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളെ ട്രംപിന്റെ പുതിയ തീരുവ കാര്യമായി ബാധിക്കും. ഇന്ത്യയുടെ ഫാർമ കയറ്റുമതിയുടെ ഏകദേശം 40ശതമാനം അമേരിക്കൻ വിപണിയിലേക്കാണ്. 50ശതമാനം താരിഫ് ഏർപ്പെടുത്തിയാൽ ഇന്ത്യൻ ഫാർമ കമ്പനികളുടെ വരുമാനം 2026 സാമ്പത്തിക വർഷത്തിൽ അഞ്ച് മുതൽ 10ശതമാനം വരെ കുറയാൻ സാദ്ധ്യതയുണ്ടെന്ന് നേരത്തെ എസ്ബിഐ റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ സൂചനയുണ്ട്.

