വാഷിങ്ടണ്‍: ഇന്ത്യയുമായി യുക്തിപൂര്‍വമായ ഇടപാടിന് ഒരുങ്ങുകയാണെന്നും തീരുവ കുറയ്ക്കാന്‍ പദ്ധതിയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ് ഇന്ത്യ ഇത്രയും ഉയര്‍ന്ന തീരുവകള്‍ നേരിടുന്നതെന്ന് ട്രംപ് പറഞ്ഞു, കൂടാതെ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയതായും ട്രംപ് വീണ്ടും അവകാശപ്പെട്ടു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
‘റഷ്യന്‍ എണ്ണ കാരണമാണ് ഇന്ത്യയുടെ മേല്‍ ഉയര്‍ന്ന തീരുവ ചുമത്തിയത്. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഗണ്യമായി നിര്‍ത്തിയിരിക്കുന്നു,’ ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘ഞങ്ങള്‍ തീരുവ കുറയ്ക്കാന്‍ പോവുകയാണ്. ഒരുഘട്ടത്തില്‍ ഞങ്ങള്‍ അത് കുറയ്ക്കും,’ ട്രംപ് കൂട്ടിച്ചേര്‍ത്തു.
റഷ്യയുമായുള്ള ന്യൂഡല്‍ഹിയുടെ ഊര്‍ജ ഇടപാടുകള്‍ ചൂണ്ടിക്കാട്ടി ഓഗസ്റ്റില്‍ ഇന്ത്യന്‍ ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ ഏറ്റവും പുതിയ പരാമര്‍ശങ്ങള്‍ വരുന്നത്. യുക്രൈന് അധിനിവേശവും യുദ്ധവും അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനെ പ്രേരിപ്പിക്കുന്നതിനുള്ള സമ്മര്‍ദ തന്ത്രമായാണ് ഈ നടപടി വിലയിരുത്തപ്പെട്ടത്.

