യു.എസ് ഷട്ട്ഡൗണ്‍ അവസാനിച്ചു, ബില്ലില്‍ ഒപ്പുവയ്ക്കാന്‍ ട്രംപ്

  • Home-FINAL
  • International
  • യു.എസ് ഷട്ട്ഡൗണ്‍ അവസാനിച്ചു, ബില്ലില്‍ ഒപ്പുവയ്ക്കാന്‍ ട്രംപ്

യു.എസ് ഷട്ട്ഡൗണ്‍ അവസാനിച്ചു, ബില്ലില്‍ ഒപ്പുവയ്ക്കാന്‍ ട്രംപ്


വാഷിംഗ്ടണ്‍: യുഎസില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ തുടരുന്ന ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായക ബില്ല് പാസാക്കി. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പിലാണ് ബില്ല് പാസാക്കിയത്. ഇന്നലെ സെനറ്റ് അംഗീകരിച്ച ബില്ലാണ് റിപ്പബ്ലിക്കന്‍ നിയന്ത്രിത ജനപ്രതിനിധി സഭ 222- 209 വോട്ടുകള്‍ക്ക് പാസാക്കിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ തന്നെ ബില്ലില്‍ ഒപ്പുവയ്ക്കും. ജനുവരി 30 വരെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതാണ് ബില്‍. ഷട്ട്ഡൗണ്‍ അവസാനിക്കുന്നതോടെ നിലച്ച ഭക്ഷ്യ പദ്ധതികള്‍ പുനരാരംഭിക്കാനും ഫെഡറല്‍ ജീവനക്കാര്‍ക്ക് മുടങ്ങിയ ശമ്പളം നല്‍കാനും കഴിയും.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് ഫണ്ട് അനുവദിക്കാനുള്ള ധനാനുമതി ബില്‍ ഡെമോക്രാറ്റുകളുടെ എതിര്‍പ്പ് മൂലം പാസാക്കാന്‍ കഴിയാതെ വന്നതോടെയാണ് യുഎസില്‍ ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. അവശ്യ സര്‍വീസുകള്‍ ഒഴികെ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയായിരുന്നു. ഡെമോക്രാറ്റിക് അംഗങ്ങളുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റിലെ ആദ്യ കടമ്പ മറികടന്നത്. 100 അംഗ സെനറ്റില്‍ 53 സീറ്റാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. 60 അംഗങ്ങളുടെ പിന്തുണ വേണം ബില്‍ പാസാകാന്‍. റിപ്പബ്ലിക്കന്‍മാര്‍ മുന്നോട്ടുവച്ച ചില വിട്ടുവീഴ്ചകള്‍ ഉള്‍ക്കൊള്ളുന്ന കരാര്‍, പാര്‍ട്ടി നേതൃത്വത്തെ അവഗണിച്ച് ഒരു വിഭാഗം ഡെമോക്രാറ്റുകള്‍ അംഗീകരിച്ചതോടെയാണ് പ്രാരംഭ വോട്ട് മറികടക്കാനായത്.

Leave A Comment