വാഷിംഗ്ടൺ: ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ചുമത്തിയ നികുതി 25ൽ നിന്ന് 18 ശതമാനമായി കുറച്ച് യു.എസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചതിനുപിന്നാലെ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പ്രഖ്യാപനം നടത്തിയത്. മോദിയുമായുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്താണ് തീരുമാനമെന്നും ഇന്ത്യ- യു.എസ് വ്യാപാരക്കരാറിനു ധാരണയായെന്നും ട്രംപ് അറിയിച്ചു.
റഷ്യൻ എണ്ണയുടെ പേരിൽ ചുമത്തിയ 25 ശതമാനം അധിക തീരുവയും നീക്കുമെന്ന് യു.എസ് അധികൃതർ പറഞ്ഞു. അതേസമയം, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്തുമെന്ന ട്രംപിന്റെ അവകാശവാദത്തോട് പ്രധാനമന്ത്രി മോദി പ്രതികരിച്ചിട്ടില്ല.
മോദിയുമായി സംസാരിച്ചെന്നും റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്താമെന്ന് മോദി അറിയിച്ചെന്നും ട്രംപ് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചിരുന്നു. യു.എസിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ ഇന്ത്യ വാങ്ങും. ഇത് യുക്രെയിൻ യുദ്ധം അവസാനിക്കാൻ സഹായിക്കും. കൂടുതൽ അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യ വാങ്ങുമെന്നും ട്രംപ് അവകാശപ്പെട്ടു.

