കരൂർ” നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്യുടെ റാലിക്കിടെ 41പേർ മരിച്ച സംഭവത്തിൽ മാനസിക വിഷമത്തെ തുടർന്ന് ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു. വി.അയ്യപ്പനാണ് (52) കുറിപ്പ് എഴുതിവച്ചശേഷം മരിച്ചത്. ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ കുറിപ്പിൽ പരാമർശമുണ്ട്. പരിപാടിക്ക് ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്നും ഇതിന് കാരണം സെന്തിൽ ബാലാജി ആണെന്നുമാണ് ആരോപണം. 20 വർഷമായി വിജയ് ഫാൻസ് അസോസിയേഷനിൽ അംഗമാണ്. ദുരന്തത്തെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. ദുരന്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ടിവികെയുടെ വാദം.
കത്തിൽ പറയുന്നതിങ്ങനെ:
കരൂർ ജില്ലയിൽ വിജയ് വരുന്നസമയത്ത് ആവശ്യത്തിന് പൊലീസ് സംരക്ഷണം ലഭിച്ചില്ല. വിജയ് ആരാധകരാണ് മുന്നിട്ടിറങ്ങിയത്. സെന്തിൽ ബാലാജി സമ്മർദം ചെലുത്തി. അദ്ദേഹം കാരണം വലിയ വിപത്തിന് പൊതുജനം ഇരയാവുകയും ചെയ്തു. പൊലീസും ഇതിനു പിന്തുണയായി നിന്നു. സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണം.

