ചെന്നൈ: സംസ്കൃതം മൃതഭാഷയാണെന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയിൽ പ്രതിഷേധവുമായി ബി.ജെ.പി ഹിന്ദുക്കൾക്ക് നേരെയുള്ള അവഹേളനമാണെന്നായിരുന്നു ആരോപണം.
വെള്ളിയാഴ്ച ചെന്നൈയിൽ പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു ഉദയനിധിയുടെ പരാമർശം. തമിഴ് ഭാഷക്കായി 150 കോടി മാത്രം അനുവദിച്ചപ്പോൾ കേന്ദ്രസർക്കാർ മൃത ഭാഷയായ സംസ്കൃതത്തിനായി 2,400 കോടിയാണ് നീക്കിവെച്ചതെന്ന് ഉദയനിധി പറഞ്ഞു.തുടർച്ചയായ ഹിന്ദുവിരുദ്ധ നിലപാടുകളിലുടെ ഉദയനിധി അരാജത്വത്തിന്റെയും വിഭജനത്തിന്റെയും അടയാളമായി മാറിയെന്നും പാർട്ടി കുറ്റപ്പെടുത്തി.
ഭാഷാപോഷണത്തിനായി അനുവദിക്കുന്ന ഫണ്ടിൽ കേന്ദ്രം പുലർത്തുന്ന വിവേചനത്തിനെതിരെ നേരത്തെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ധനമന്ത്രി തങ്കം തെന്നരസുവുമടക്കമുള്ളവർ മുന്നോട്ടുവന്നിരുന്നു. കേന്ദ്രസർക്കാറിന്റെ ഭാഷ നയവും ബജറ്റ് തീരുമാനങ്ങളും വിവേചനപരവും അസമത്വം വെളിവാക്കുന്നതുമാണെന്നാണ് തമിഴ്നാടിന്റെ ആരോപണം. സംസ്കൃതത്തിന് ധനസഹായം ലഭിക്കുന്നു എന്നതല്ല, മറിച്ച് മറ്റ് പുരാതന ഭാഷകൾക്ക് ദേശീയ തലത്തിൽ നാമമാത്രമായ തുക നീക്കിവെക്കുന്നു എന്നതിലാണ് തങ്ങളുടെ ആശങ്ക എന്ന് നേരത്തെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.അതേസമയം, ധനസഹായവുമായി ബന്ധപ്പെട്ട ആരോപണത്തെ സാസ്കാരികമായുളള അവഹേളനമെന്ന രീതിയിലാണ് ബി.ജെ.പി പ്രതിരോധിക്കുന്നത്. രാജ്യത്തുടനീളം ആചാരങ്ങളിലും പ്രാർഥനകളിലും ഉപയോഗിക്കപ്പെടുന്ന ഭാഷയെ മരിച്ചതെന്ന് പറയാൻ ആർക്കും അവകാശമില്ലെന്ന് മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു.

