ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദപരമായ പരാമർശങ്ങൾ വിദ്വേഷ പ്രസംഗമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷണം. 2023 സെപ്റ്റംബറിലാണ് ഉദയനിധി സ്റ്റാലിൻ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പരാമർശങ്ങൾ നടത്തിയത്. ദ്രാവിഡ കഴകവും (ഡി.കെ) തുടർന്ന് ഡി.എം.കെ ( ദ്രാവിഡ മുന്നേറ്റ കഴകം)വും 100 വർഷമായി ഹിന്ദുമതത്തിനെതിരെ വ്യക്തമായ ആക്രമണം നടത്തുന്നുണ്ടെന്നും മന്ത്രി അതേ പ്രത്യയശാസ്ത്രപരമായ പരമ്പരയിൽപ്പെട്ടയാളാണെന്നും ഹൈക്കോടതിയുടെ മധുര ബെഞ്ച് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾക്ക് തുടക്കമിടുന്നവർ പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന ആശങ്കയും കോടതി രേഖപ്പെടുത്തി.
“കഴിഞ്ഞ 100 വർഷമായി ദ്രാവിഡ കഴകവും തുടർന്ന് ദ്രാവിഡ മുന്നേറ്റ കഴകവും ഹിന്ദുമതത്തിനെതിരെ വ്യക്തമായ ആക്രമണം നടത്തിയിട്ടുണ്ട് എന്നത് വ്യക്തമാണ്, മന്ത്രി ആ കൂട്ടത്തിൽപ്പെട്ടയാളാണ്. മൊത്തത്തിലുള്ള സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ, മന്ത്രിയുടെ പ്രസംഗത്തിൽ മറഞ്ഞിരിക്കുന്ന അർഥം ഹർജിക്കാരൻ ചോദ്യം ചെയ്തതായി കാണുന്നു,” ഹൈക്കോടതി നിരീക്ഷിച്ചു.”വിദ്വേഷ പ്രസംഗങ്ങൾക്ക് തുടക്കമിടുന്നവർ ശിക്ഷിക്കപ്പെടാതെ വിട്ടയയ്ക്കപ്പെടുന്നു, അതേസമയം അത്തരം വിദ്വേഷ പ്രസംഗങ്ങളോട് പ്രതികരിക്കുന്നവർ നിയമത്തിന്റെ കോപത്തിന് ഇരയാകുന്നു എന്നത് വേദനാജനകമായി ഈ കോടതി രേഖപ്പെടുത്തുന്നു. കോടതികൾ പ്രതികരിക്കുന്നവരെ ചോദ്യം ചെയ്യുന്നു, എന്നാൽ വിദ്വേഷ പ്രസംഗം ആരംഭിച്ചവർക്കെതിരെ നിയമം നടപ്പാക്കുന്നില്ല,” കോടതി കൂട്ടിച്ചേർത്തു.

