യു.പി.ഐ തകരാർ : പണം തിരിച്ചുകിട്ടാൻ വൈകിയാൽ ദിവസവും 100 രൂപ നഷ്‌ടപരിഹാരം

  • Home page
  • India
  • യു.പി.ഐ തകരാർ : പണം തിരിച്ചുകിട്ടാൻ വൈകിയാൽ ദിവസവും 100 രൂപ നഷ്‌ടപരിഹാരം

യു.പി.ഐ തകരാർ : പണം തിരിച്ചുകിട്ടാൻ വൈകിയാൽ ദിവസവും 100 രൂപ നഷ്‌ടപരിഹാരം


ന്യൂഡൽഹി: യു.പി.ഐ ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട പണം നിശ്ചിത സമയത്തിനകം തിരിച്ചുനൽകിയില്ലെങ്കിൽ ദിവസവും 100 രൂപ വീതം ബാങ്കുകൾ ഉപഭോക്താവിന് നഷ്‌ടപരിഹാരം നൽകണമെന്ന് റിസർവ് ബാങ്ക്. ചട്ടപ്രകാരം നഷ്‌ടപ്പെട്ട പണം തിരിച്ചു നൽകേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തമാണ്.

വ്യക്തികൾ തമ്മിലുള്ള യു.പി.ഐ ഇടപാടിൽ അയച്ചയാളുടെ അക്കൗണ്ടിൽനിന്ന് പണം കുറയുകയും സ്വീകർത്താവിന് ലഭിക്കാതിരിക്കുകയും ചെയ്താൽ അടുത്ത ദിവസത്തിനകം തിരിച്ചുനൽകണം. എന്നാൽ കടകളിലോ മറ്റ് വ്യാപാരസ്ഥാപനങ്ങളിലോ നടത്തിയ യു.പി.ഐ പേയ്‌മെന്റിൽ പണം കുറയുകയും ഇടപാട് സ്ഥിരീകരണം ലഭിക്കാതിരിക്കുകയും ചെയ്താൽ അഞ്ച് ദിവസത്തിനകം തിരിച്ചുനൽകണം. ഈ സമയപരിധി ലംഘിച്ചാൽ വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ നഷ്ടപരിഹാരം ബാധകമാണ്.

പണം തിരിച്ചുകിട്ടാൻ വൈകിയാൽ ഉപഭോക്താക്കൾ ആദ്യം ഉപയോഗിച്ച യു.പി.ഐ ആപ്പിലോ ബാങ്കിലോ പരാതി നൽകണം. ഇടപാട് നമ്പർ, തീയതി, തുക, പണം കുറച്ചതിന്റെ തെളിവ് എന്നിവ സൂക്ഷിക്കണം. പരാതി പരിഹരിച്ചില്ലെങ്കിൽ റിസർവ് ബാങ്കിന്റെ പരാതി പരിഹാര സംവിധാനത്തെ സമീപിക്കാം.

നഷ്ടപരിഹാരം അർഹമായ സാഹചര്യങ്ങളിൽ സ്വമേധയാ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യണം. ഇടപാട് പരാജയപ്പെട്ടതിന്റെ കാരണം ഉപഭോക്താവിന്റെ ഭാഗത്താണെങ്കിൽ നഷ്ടപരിഹാരം ലഭിക്കില്ല.

Leave A Comment