ന്യൂയോർക്ക്: ഇംഗ്‌ളീഷ് പ്രാവീണ്യ പരീക്ഷയിൽ തോറ്റ 7,200 വാണിജ്യ ട്രക്ക് ഡ്രൈവർമാരെയാണ് യു.എസ് അയോഗ്യരാക്കിയത്. ഇതിൽ ഇന്ത്യൻ വംശജരുമുണ്ട്. യു.എസ്. നിരത്തുകളിൽ അപകടങ്ങൾ കൂടിയതിനാലാണ് ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകളും നടപടികളും. നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഇന്ത്യൻ വംശജരായ 130,000-150,000 ഡ്രൈവർമാർ യു.എസിൽ തൊഴിലെടുക്കുന്നുണ്ട്. തത്സമയ പാതയോര ഭാഷാശേഷി പരിശോധനകളിലാണ് ഇവർ പരാജയപ്പെട്ടത്. പരാജയപ്പെട്ട 7,248 ഡ്രൈവർമാർക്ക് വിലക്കേർപ്പെടുത്തിയതായി ഒക്ടോബർ 30ന് യു.എസ് ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി സീൻ ഡുഫി വ്യക്തമാക്കി. ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ (എഫ്.എം.സി.എസ്.എ) നൽകുന്ന കണക്കുകളനുസരിച്ച് ജൂലൈക്ക് ശേഷം 1,500 ഡ്രൈവർമാർക്കാണ് ഇത്തരത്തിൽ നടപടി നേരിടേണ്ടിവന്നത്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
?ഒക്ടോബറിൽ കാലിഫോർണിയ ഹൈവേയിൽ ട്രക്ക് പാതയോരത്തേക്ക് പാഞ്ഞുകയറി മൂന്നുപേർ മരിച്ചിരുന്നു. സംഭവത്തിൽ ട്രക്ക് ഓടിച്ചിരുന്ന ഇന്ത്യൻ വംശജനായ ഡ്രൈവർ അനധികൃത കുടിയേറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾക്ക് കാലിഫോർണിയ കൊമേഴ്‌സ്യൽ ഡ്രൈവർ ലൈസൻസ് (സി.ഡി.എൽ) ഉണ്ടായിരുന്നുവെന്നും ഭാഷാശേഷി പരിശോധനയിൽ മുമ്പ് നിരവധി തവണ പരാജയപ്പെട്ടതായും അധികൃതർ കണ്ടെത്തി. മൂന്നുമാസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്ത അപകടത്തിൽ ഇന്ത്യൻ പൗരനായ ഹർജീന്ദർ സിംഗ് ഓടിച്ചിരുന്ന ട്രക്ക് ഇടിച്ച് മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. ഹർജീന്ദറും ഭാഷാ പരിജ്ഞാനമില്ലാത്ത ആളായിരുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തൽ.

