അമ്മയുടെ മടിയിലിരുന്ന് പാലുകുടിക്കുകയായിരുന്ന നാലുവയസ്സുകാരൻ നിയന്ത്രണം വിട്ട കാർ ഇടിച്ച് മരിച്ച ദാരുണമായി മരിച്ച സംഭവം വിശ്വസിക്കാൻ കഴിയാതെ ബന്ധുക്കൾ. വാഗമണ്ണിൽ വിനോദ യാത്രയ്‌ക്കെത്തിയതായിരുന്നു കുടുംബം. തിരുവനന്തപുരം നേമം ശാന്തിവിള ശാസ്താംലെയ്നിൽ നാഗമ്മൽ വീട്ടിൽ, എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്‌നിക്ക് അധ്യാപിക ആര്യാ മോഹന്റെയും മകനായ എസ്. അയാൻഷ് നാഥ് ആണ് മരിച്ചത്. ആര്യാ മോഹ(30)-ന് ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച വൈകീട്ട് മൂന്നിന് വാഗമൺ വഴിക്കടവിൽ കുരിശുമലയിലേക്ക് തിരിയുന്ന റോഡിനും ബസ് സ്റ്റാൻഡിനും സമീപത്തുള്ള സ്വകാര്യ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനിലായിരുന്നു അപകടം. കുട്ടിയുടെ അച്ഛൻ ശബരിനാഥ് അവധിക്കെത്തിയപ്പോൾ കുടുംബസമേതം വാഗമൺ കാണാനെത്തിയതായിരുന്നു. കാർ ഇവിടെ നിർത്തിയിട്ട് ചാർജ് ചെയ്യുമ്പോഴായിരുന്നു അപകടം. പുതുതായി വാങ്ങിയ ഇലക്ട്രിക് കാറിലെ വിനോദയാത്രയ്ക്കിടെയായിരുന്നു അപകടം. കാർ ചാർജ് ചെയ്യാൻവേണ്ടി കാത്തിരിക്കുമ്പോഴാണ് അയാനും അമ്മ ആര്യയ്ക്കും നേരേ മറ്റൊരു കാർ പാഞ്ഞുകയറിയത്. കുട്ടിക്ക് പാൽ നൽകുന്നതിനായി ആര്യ രണ്ടാമത്തെ ചാർജിങ് പോയന്റിനു സമീപത്തേക്ക് മാറിയിരുന്നു. ഇതിനിടയിൽ ചാർജ് ചെയ്യാനെത്തിയ മറ്റൊരു കാർ ഇവിടേക്ക് കയറ്റുംവഴി ഇവരുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ചേർപ്പുങ്കലിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് ഏഴുമണിയോടെ കുട്ടി മരിച്ചു. എറണാകുളത്തുള്ള അഭിഭാഷകന്റേതാണ് കാർ എന്നാണ് സൂചന.വാഗമൺ സന്ദർശിച്ചശേഷം ആര്യയെയും അയാനെയും പാലായിലെ വീട്ടിലാക്കിയശേഷം മടങ്ങാനായിരുന്നു തീരുമാനം. അയാന്റെ അച്ഛൻ ശബരിനാഥ് ആക്കുളം എയർഫോഴ്‌സ് യൂണിറ്റിൽ ഉദ്യോഗസ്ഥനാണ്. ശബരിനാഥിന്റെ അച്ഛൻ റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ സുന്ദരവും ഇവർക്കൊപ്പം കാറിലുണ്ടായിരുന്നു. ഡൽഹിയിൽ ജോലിചെയ്തിരുന്ന ശബരിനാഥിന് ഒരുവർഷം മുൻപാണ് തിരുവനന്തപുരത്തേക്കു മാറ്റം കിട്ടിയത്. പാലായിലെ പോളിടെക്‌നിക്കിൽ അധ്യാപികയായ ആര്യയ്‌ക്കൊപ്പമായിരുന്നു അയാനും. ഒരുവർഷം മുമ്പാണ് ആര്യയ്ക്കു ജോലി ലഭിച്ചത്.

