റവന്യു അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണ പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

  • Home-FINAL
  • Business & Strategy
  • റവന്യു അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണ പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

റവന്യു അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണ പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു


തിരുവനന്തപുരം: പീരുമേട് എംഎൽഎയും മുതിർന്ന സി.പി.ഐ നേതാവുമായ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് കേന്ദ്രത്തിൽ നടന്ന റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞു വീണത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഉടൻതന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

1974 മുതൽ പൊതുരംഗത്തെത്തിയ വാഴൂർ സോമൻ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടിനാണ് വാഴൂർ സോമൻ പരാജയപ്പെടുത്തിയത്.

കോട്ടയത്തെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14നാണ് വാഴൂർ സോമന്റെ ജനനം. എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു. ഭാര്യ: ബിന്ദു സോമൻ. മക്കൾ: സോബിൻ, സോബിത്ത്.

യോഗത്തിൽ ഇടുക്കി ജില്ലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് വാഴൂർ സോമൻ സംസാരിച്ചിരുന്നുവെന്നും അതിനു ശേഷം മറ്റ് എംഎൽഎമാർക്കൊപ്പം പോകാൻ ഒരുങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. പടി ഇറങ്ങുമ്പോൾ വല്ലായ്മ തോന്നുന്നു എന്നെ ഒന്നു പിടിക്കണം എന്ന് അദ്ദേഹം ഒപ്പമുള്ള ആളോടു പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള ലൈബ്രറി മുറിയിലെ മേശയിൽ കിടത്തി. ഉടൻ തന്നെ കാറിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഹൃദയാഘാതമാണ് ഉണ്ടായത്. ജില്ലാ ആശുപത്രിയിൽനിന്ന് വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെ എത്തിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും സ്ഥിതി വഷളായി. ഉച്ചയ്ക്ക് ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. കണ്ടപ്പോൾ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും തോന്നിയിരുന്നില്ല. പല കാര്യങ്ങളും കൃത്യമായി സംസാരിച്ചിരുന്നു. കൈപിടിച്ച് പോകുകയാണെന്നു പറഞ്ഞാണ് ഇറങ്ങിയത്. അപ്രതീക്ഷിതമായ വിയോഗത്തിൽ വലിയ വിഷമമാണുള്ളതെന്നും മന്ത്രി പറഞ്ഞു.

ഭൗതികശരീരം ഇന്നു രാത്രി 8 മണി വരെ എംഎൻ സ്മാരകത്തിലും നാളെ രാവിലെ 11 മുതൽ വണ്ടിപ്പെരിയാർ ടൗൺ ഹാളിലും പൊതുദർശനം നടക്കും. സംസ്‌കാരം നാളെ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

 

Leave A Comment