ന്യൂഡൽഹി: സാങ്കേതിക സർവകലാശാലയുടെയും ഡിജിറ്റൽ സർവകലാശാലയുടെ വൈസ് ചാൻസർമാരെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി ജസ്റ്റിസ് സുധാൻശു ധൂലിയയെ സുപ്രീംകോടതി നിയമിച്ചു. കമ്മിറ്റിയിലെ മറ്റ് നാലംഗങ്ങളെ ജസ്റ്റിസ് സുധാൻശു ധൂലിയയ്ക്ക് തിരഞ്ഞെടുക്കാം. സെർച്ച് കമ്മിറ്റിയിൽ യുജിസിയുടെ പ്രതിനിധി ഉണ്ടാകില്ല. പശ്ചിമ ബംഗാളിലെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റിയുടെ ചെയർമാനായി വിരമിച്ച മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെ സുപ്രീം കോടതി നേരത്തെ നിയമിച്ചിരുന്നു.
സമാനമായ രീതിയിൽ ഡിജിറ്റൽ സർവകലാശാലയിലെയും സാങ്കേതിക സർവകലാശാലയിലെ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടു. അതല്ലെങ്കിൽ ചാൻസലറായ ഗവർണർക്ക് മുൻതൂക്കം ലഭിക്കുന്ന കമ്മിറ്റി ഉണ്ടാകുമെന്നായിരുന്നു കേരളത്തിന്റെ വാദം. ഈ വാദം കണക്കിലെടുത്താണ് സുപ്രീംകോടതിയിൽനിന്ന് സമീപകാലത്ത് വിരമിച്ച ജസ്റ്റ് സുധാൻശു ധൂലിയയെ ചെയർമാനായി നിയമിച്ച് ജസ്റ്റിസ് ജെ.ബി. പർഡിവാല അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്.
സെർച്ച് കമ്മിറ്റിയിലേക്ക് നിയമിക്കാൻ പരിഗണിക്കേണ്ടവരുടെ പട്ടിക കേരളവും ഗവർണറും സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. ഈ പട്ടികയിൽനിന്ന് നാല് അംഗങ്ങളെ ജസ്റ്റിസ് ദുലിയക്ക് തിരഞ്ഞെടുക്കാം. രണ്ട് അംഗങ്ങൾ സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽനിന്നും രണ്ടംഗങ്ങൾ ഗവർണർ നൽകിയ പട്ടികയിൽനിന്നും ആയിരിക്കണം. നേരത്തെ യുജിസിയുടെ ഒരു പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന് കോടതി പറഞ്ഞിരുന്നെങ്കിലും പുതിയ ഉത്തരവിൽ അതില്ല. ഫലത്തിൽ ലഭിക്കാവുന്ന മുൻകൈ അതോടെ നഷ്ടമായി.

