കൊച്ചി: താൻ വിമർശനത്തിന് അതീതനല്ലെന്നും മുതിർന്നവർക്ക് തന്നെ വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും സുധാകരൻ പറഞ്ഞതിനോട് തനിക്ക് വെറുപ്പോ വിദ്വേഷമോ വിരോധമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യയുണ്ടതിന് മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വിമർശനത്തിനായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മറുപടി.
”ഞാൻ വിമർശനത്തിന് അതീതനായ ആളല്ല. എന്റെ ഭാഗത്തുനിന്നു തെറ്റുണ്ടായാൽ വിമർശിക്കാനുള്ള അവകാശം സാധാരണ പാർട്ടി പ്രവർത്തകർക്കു വരെയുണ്ട്. അദ്ദേഹം മുതിർന്ന അംഗവും കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ്. അദ്ദേഹം പറഞ്ഞതിനോട് വെറുപ്പോ വിദ്വേഷമോ വിരോധമോ ഇല്ല. അവർക്ക് എന്നെ വിമർശിക്കാനുള്ള പൂർണമായ സ്വാതന്ത്ര്യമുണ്ട്. പിന്നെ എവിടെ പറയണം, എങ്ങനെ പറയണം എന്നത് ഓരോരുത്തരും തീരുമാനിക്കേണ്ടതാണ്. എനിക്ക് പരാതിയില്ല.”- സതീശൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സ്വീകരിച്ച നിലപാട് പൂർണ ബോധ്യത്തോടെ പാർട്ടി കൂട്ടായി എടുത്തതാണെന്നും സതീശൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകരിൽനിന്നു തന്നെ പ്രതിപക്ഷ നേതാവിനെതിരെ വലിയ തോതിലുള്ള ആക്രമണമുണ്ടാകുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”തീരുമാനങ്ങളും നിലപാടുമെടുക്കുന്ന ആളുകൾക്ക് എതിർപ്പുണ്ടാകും. കേരളം മുഴുവൻ അലയടിച്ചു മുന്നോട്ടു വന്നാലും ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നിലപാടുകളിൽ മാറ്റമുണ്ടാകില്ല. അതു ബോധ്യങ്ങളിൽനിന്ന് കൂട്ടായി എടുത്ത തീരുമാനമാണ്. അതിന്റെ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. പക്ഷേ ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ല. പരിശോധിച്ച് ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മുതിർന്ന നേതാക്കൾ ഒരുമിച്ചെടുത്ത തീരുമാനമാണ്. അതു പൂർണമായും ശരിയുമാണ്”- സതീശൻ പറഞ്ഞു.
കുന്നംകുളം പൊലീസ് സ്റ്റേഷൻ മർദനത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും ഇതിൽ ഒത്തുതീർപ്പില്ലെന്നും സതീശൻ പറഞ്ഞു. അവരെ സസ്പെൻഡ് ചെയ്തതു കൊണ്ട് മാത്രമായില്ല. ക്രിമിനലുകളായ പൊലീസുകാരെ സംരക്ഷിക്കുന്ന നടപടി അനുവദിക്കാൻ പറ്റില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

