കൊച്ചി: സിപിഎം മുൻ എംഎൽഎക്കെതിരായ ലൈംഗിക പീഡന കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇരട്ട നീതിയാണ് സ്വീകരിച്ചതെന്നും 13 ദിവസം പരാതി പൂഴ്ത്തിവെച്ചതിൻ്റെ കാരണം വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പശ്ചാത്തലമുള്ള ഒരു എംഎൽഎക്കെതിരെ പരാതി വന്നപ്പോൾ മുഖ്യമന്ത്രി അപ്പോൾ തന്നെ പോലീസിന് ഫോർവേർഡ് ചെയ്തു. അതിൽ യുഡിഎഫിന് പരാതിയില്ല, അങ്ങനെത്തന്നെയാണ് ചെയ്യേണ്ടത്. എന്നാൽ സിപിഎം സഹയാത്രികനായ മുൻ എംഎൽഎ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ഒരു യുവതി നൽകിയ പരാതി മുഖ്യമന്ത്രിയുടെ കയ്യിൽ കിട്ടിയത് നവംബർ 27നാണ്. അത് പോലീസിന് കൈമാറിയത് ഡിസംബർ 2-നും കേസ് എടുത്തത് ഡിസംബർ 8-നുമാണ്. അതായത്, മൊത്തം 13 ദിവസമാണ് ഈ പരാതിയുടെ കാര്യത്തിൽ താമസം ഉണ്ടായത്. ഇതിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ് നയമാണുള്ളത്, സതീശൻ വിമർശിച്ചു.
കോൺഗ്രസിൽ മുഴുവൻ സ്ത്രീലമ്പടന്മാരാണെന്ന് മുഖ്യമന്ത്രി പറയുന്നു. അദ്ദേഹത്തിൻ്റെ മന്ത്രിസഭയിൽ എത്ര പേർ ലൈംഗിക അപവാദ കേസുകളിൽപ്പെട്ടവരായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലും മന്ത്രിസഭയിലും ഇടതുപക്ഷ എംഎൽഎമാരുടെ കൂട്ടത്തിലും ലൈംഗിക അപവാദ കേസിൽ പെട്ട എത്രപേരുണ്ട് എന്നൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും സതീശൻ പറഞ്ഞു.
ഗെയിൽ സമരവുമായി ബന്ധപ്പെട്ട് വി.എം. സുധീരനെതിരായും പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായും മുഖ്യമന്ത്രി പ്രസ്താവനകൾ നടത്തിയിരുന്നു. 2017-ൽ നടന്ന സമരത്തെ പോലീസ് ക്രൂരമായി അടിച്ചമർത്തിയെങ്കിലും, അന്നത്തെ വ്യവസായ മന്ത്രി എ.സി. മൊയ്തീൻ ചർച്ച നടത്തുകയും പോലീസിനെ താക്കീത് ചെയ്യുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സമരക്കാരുടെ ഡിമാൻഡുകൾ മുഴുവൻ അംഗീകരിച്ചു. പുതുക്കിയ ന്യായവിലയുടെ പത്തിരട്ടിയാക്കി കോമ്പൻസേഷൻ നൽകി. 116 കോടി രൂപ അധിക വർദ്ധനവ് നൽകുകയും 2012 മുതൽ മുൻകാല പ്രാബല്യം നൽകുകയും ചെയ്തു. വീടിനടുത്ത് 20 മീറ്റർ എന്നുള്ളത് 2 മീറ്റർ ആക്കി മാറ്റി. എന്നിട്ടും ആ സമരത്തെ പുച്ഛിക്കുകയാണ് മുഖ്യമന്ത്രി. ഉമ്മൻചാണ്ടിയുടെ കാലത്ത് ഗെയിലിൻ്റെ പൈപ്പ് ഇടാൻ നേരത്ത് ഇത് ഭൂമിക്കടിയിൽ കുഴിച്ചിട്ട ബോംബാണ് എന്ന് പറഞ്ഞ ആളാണ് ഈ പിണറായി വിജയൻ മന്ത്രിസഭയിലെ മന്ത്രി എന്നും സതീശൻ ഓർമ്മിപ്പിച്ചു.

