അച്ഛന്റെ മൃതദേഹം അകത്തേക്കു കയറ്റാതെ മകനും മരുമകളും വാതിൽ പൂട്ടിപ്പോയി. അരിമ്പൂർ കൈപ്പിള്ളി പ്ലാക്കൻ തോമസിനാണ് അവസാന യാത്രയിലും കരുണ ലഭിക്കാതെ പോയത്. മകന്റെയും ഭാര്യയുടെയും ഉപദ്രവം കാരണം രണ്ടു അനാഥാലയങ്ങളിലായിട്ടായിരുന്നു തോമസും ഭാര്യ റോസ്‌ലിയും കഴിഞ്ഞിരുന്നത്.
പനി ബാധിച്ച് ഇന്നലെ പുലർച്ചെ മണലൂർ സാൻജോസ് കെയർഹോമിലായിരുന്നു തോമസിന്റെ മരണം. സ്വന്തം വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഇടവക പള്ളിയിൽ അന്ത്യനിദ്ര നൽകാനാണ് രാവിലെ ഒൻപതരയോടെ മൃതദേഹം വീട്ടിലേക്കെത്തിച്ചത്. കാരമുക്ക് കൃപാസദനത്തിൽ നിന്ന് റോസിലിയെയും കൊണ്ടുവന്നു. അച്ഛന്റെ മൃതദേഹം മുറ്റത്തെത്തിയതറിഞ്ഞ് മകൻ ജെയ്‌സനും മരുമകൾ റിൻസിയും വീടുപൂട്ടി പോകുകയായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. വീട്ടിലേക്ക് തിരിച്ചു വരാൻ മകനെ വിളിച്ച് അടുപ്പമുള്ള പലരും ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പിന്നീട് പഞ്ചായത്ത് അധികൃതരും അന്തിക്കാട് പൊലീസും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. പുറത്താക്കിയ വീട്ടിലേക്ക് തങ്ങൾക്ക് ഇനി കയറേണ്ടെന്ന് തോമസിന്റെ ഭാര്യ റോസിലി തീരുമാനിച്ചതോടെ മൃതദേഹം മഞ്ചയിൽ മുറ്റത്തു കിടത്തുകയായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.
വൈകിട്ട് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ മൃതദേഹം അടക്കം ചെയ്തു. അ തുവരെ വീട് അടഞ്ഞുതന്നെ കിടന്നു. ജോയ്സി ആണ് മറ്റൊരു മകൾ. മരുമകൻ: വിൻസൻ. മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകുന്നില്ലെന്നും വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണെന്നും അന്തിക്കാട് പൊലീസിനു പരാതി നൽകി എട്ടുമാസം മുൻപാണ് തോമസും റോസിലിയും വീടുവിട്ട് വ്യത്യസ്ത സ്ഥാപനങ്ങളിൽ അന്തേവാസികളായത്.
.

