തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നൽകരുതെന്നും ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികൾക്കുള്ള മരുന്നു നൽകാൻ പാടില്ലെന്നും ഇതുസംബന്ധിച്ച് ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫിസർ, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാർഗരേഖ പുറത്തിറക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഇതിനായി ബോധവൽക്കരണവും ശക്തമാക്കും. കുട്ടികൾക്കുള്ള മരുന്നുകൾ അവരുടെ തൂക്കത്തിന് അനുസരിച്ചാണ് ഡോക്ടർമാർ ഡോസ് നിശ്ചയിക്കുന്നത്. അതിനാൽ ഒരു കുഞ്ഞിനു കുറിച്ചു നൽകിയ മരുന്ന് മറ്റ് കുഞ്ഞുങ്ങൾക്ക് നൽകാൻ പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

