കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്ന കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്ക്. മന്ത്രിയെ തടഞ്ഞുനിർത്തിയായിരുന്നു കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ കെ.എസ്.യു പ്രതിഷേധം. മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റുവെന്നാണ് വിവരം. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്. കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടയിൽ മന്ത്രി പെട്ടുപോവുകയായിരുന്നു. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂരിൽ വ്യാപകമായി വീണാ ജോർജിനെതിരെ പ്രതിഷേധമുയർന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ എകെജി ആശുപത്രിക്ക് സമീപം മന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി പ്രതിഷേധിച്ചിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയതിന് ശേഷമാണ് മന്ത്രിക്ക് യാത്ര തുടരാനായത്. ഇതിന് ശേഷമാണ് മന്ത്രിക്ക് നേരെ കെ.എസ്.യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിഷേധവുമായെത്തിയത്. വാഹനത്തിൽ നിന്നിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് കയറിയ സമയത്താണ് പ്രതിഷേധവുമായി കെ.എസ്.യു പ്രവർത്തകരെത്തിയത്.

